അഭിമന്യുവിന്റെ കൊലപാതകം: കൊലയാളി സംഘത്തിലെ ഒരാള്‍ പിടിയില്‍

കൊച്ചി: മഹാരാജാസ് കോളെജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതികളില്‍ ഒരാള്‍ പിടിയില്‍. കാമ്പസ് ഫ്രണ്ട് എറണാകുളം ജില്ലാക്കമ്മറ്റി അംഗം ആലുവ സ്വദേശി ആദിലാണ് പിടിയിലായത്. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് ആദില്‍.

കേസില്‍ അറസ്റ്റിലാകുന്ന കൊലയാളി സംഘത്തിലെ ആദ്യ ആളാണ് ആദില്‍. കൊലപാതകത്തിലും ഗൂഢാലോചനയിലും ആദില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടന്നത് 14 ദിവസങ്ങള്‍ക്ക് ശേഷമാണ് മുഖ്യപ്രതികളില്‍ ഒരാള്‍ അറസ്റ്റിലാകുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.

സംഭവത്തിന് ശേഷം ആദില്‍ ഒളിവില്‍ പോയിരിക്കുകയായിരുന്നു. പിന്നീട് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.

ക്യാമ്പസിലെ ചുവരെഴുത്തിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ആദില്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. എന്ത് വിലകൊടുത്തും ചുവരില്‍ എഴുതാനായിരുന്നു തീരുമാനം. അടിച്ചാല്‍ തിരിച്ചടിക്കാന്‍ നേതൃത്വത്തില്‍ നിന്ന് നിര്‍ദേശം ലഭിച്ചിരുന്നു. ഇതിനായി ആയുധങ്ങള്‍ കൈയില്‍ സൂക്ഷിച്ചിരുന്നതായും ചോദ്യം ചെയ്യലില്‍ ആദില്‍ പറഞ്ഞു.

കൊലപാതകത്തില്‍ 15 കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ അഭിമന്യുവിനെ കുത്തിയ ആള്‍ ഉള്‍പ്പെടെ ഇപ്പൊഴും ഒളിവിലാണ്.

DONT MISS
Top