കന്യാസ്ത്രീയുടെ പീഡനപരാതി: കര്‍ദിനാളിന്റെ മൊഴി നാളെ രേഖപ്പെടുത്തും

മാര്‍ ജോര്‍ജ് ആലഞ്ചേരി

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ പരാതിയെക്കുറിച്ച് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയില്‍ നിന്നും അന്വേഷണസംഘം നാളെ മൊഴിയെടുക്കും. പൊലീസില്‍ പരാതി നല്‍കുന്നതിന് മുന്‍പ് കര്‍ദ്ദിനാളിന് പരാതി നല്‍കിയിരുന്നുവെന്ന കന്യാസ്ത്രീയുടെ മൊഴി സ്ഥിരീകരിക്കാനാണിത്.

ബിഷപ്പ് മോശമായി പൊരുമാറുന്നുവെന്ന് കന്യാസ്ത്രീ പരാതി പറഞ്ഞതായി കുറവിലങ്ങാട് ഇടവക വികാരിയും പാലാ ബിഷപ്പും അന്വേഷണഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പിക്ക് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ കര്‍ദ്ദിനാളിന്റെ മൊഴി ബിഷപ്പ് ഫ്രാങ്കോയുടെ പീഡനക്കേസിലെ നിര്‍ണായക തെളിവാകുമെന്ന് അന്വേഷണ സംഘം കരുതുന്നു.

ഇതിനിടെ മിഷനറീസ് ഓഫ് ജീസസ് സന്യാസിസമൂഹത്തില്‍ നിന്നും പുറത്ത് പോയ കന്യാസ്ത്രീകളെ കണ്ട് മൊഴിയെടുക്കാനുള്ള ശ്രമവും അന്വേഷണസംഘം നടത്തുന്നുണ്ട്.ബുധനാഴ്ച കേരളത്തിലെ അന്വേഷണം പൂര്‍ത്തിയാക്കുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന വിവരം. ഈ ആഴ്ച അവസാനമോ അടുത്തയാഴ്ച ആദ്യമോ സംഘം ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി ജലന്ധറിലേക്ക് തിരിക്കും.

ബിഷപ് ഫ്രാങ്കോയുടെ പീഡനം സഹിക്കാതെ വന്നപ്പോള്‍ കുറവിലങ്ങാട് അടവക വികാരിയോട് കന്യാസ്ത്രീ ആദ്യം പരാതി പറഞ്ഞത്. ഇദ്ദേഹമാണ് പാല ബിഷപിനോട് പറയാന്‍ നിര്‍ദേശിച്ചത്. ഇക്കാര്യങ്ങളാണ് കഴിഞ്ഞ ദിവസത്തെ മൊഴിയെടുക്കലില്‍ കുറവിലങ്ങാട് വികാരിയും പാലാ ബിഷപും സ്ഥിരീകരിച്ചത്. കന്യാസ്ത്രീ തന്നോട് വാക്കാല്‍ പരാതി പറഞ്ഞിരുന്നെന്ന് പാലാ ബിഷപ് മൊഴി നല്‍കിയിട്ടുണ്ട്.

DONT MISS
Top