ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗിക പീഡനം: ഒളിവിലുള്ള വൈദികര്‍ക്കായി തെരച്ചില്‍ ഊര്‍ജിതം

കേസിലെ പ്രതികള്‍

കോട്ടയം: വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ പിടിയിലാകാനുള്ള ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി അന്വേഷണസംഘം. അതിനിടെ വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ സുപ്രിം കോടതിയുടെ മുന്നിലെത്തും. അറസ്റ്റിലായ വൈദികരുടെ ജാമ്യാപേക്ഷയും നാളെ പരിഗണിക്കും.

വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ പിടിയിലാകാനുള്ള ഒന്നാം പ്രതി ഫാദര്‍ എബ്രഹാം വര്‍ഗീസിനേയും നാലാം പ്രതി ഫാദര്‍ ജെയ്‌സ് കെ ജോര്‍ജിനേയും അറസ്റ്റ് ചെയ്യാനാണ് അന്വേഷണസംഘം ശ്രമങ്ങള്‍ സജീവമാക്കിയത്. നാളെ വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിം കോടതിയ്ക്ക് മുന്നിലെത്തുന്നതിന് മുന്‍പ് അറസ്റ്റ് ചെയ്യാനാണ് ശ്രമം. അന്വേഷണ സംഘത്തിന്റെ റെയ്ഡ് ഇന്നും തുടരും. കീഴടങ്ങാനുള്ള സാധ്യത മുന്‍കൂര്‍ ജാമ്യാപേക്ഷയോടെ ഇല്ലാതായ സാഹചര്യത്തിലാണ് നേരിട്ടുള്ള അറസ്റ്റിലേക്ക് ക്രൈംബ്രാഞ്ച് കടക്കുന്നത്.

സുപ്രിം കോടതി ഉത്തരവ് വന്ന ശേഷം മതി കീഴടങ്ങല്‍ എന്ന നിലപാടിലാണ് വൈദികര്‍. അന്വേഷണ സംഘത്തില്‍ നിന്നും ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തില്‍ നിന്നും കീഴടങ്ങാന്‍ ശക്തമായ സമ്മര്‍ദ്ദമാണ് വൈദികര്‍ നേരിടുന്നത്. ഇതിനിടെ ബന്ധുമിത്രാദികള്‍ക്കുമേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തി വൈദികരെ ഒളിവില്‍നിന്ന് പുറത്തെത്തിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

ഇതിനിടെ കേസില്‍ ആദ്യം അറസ്റ്റിലായ ഫാദര്‍ ജോബ് മാത്യു സമര്‍പ്പിച്ച ജാമ്യാപേക്ഷ നാളെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. കേസിലെ മൂന്നാംപ്രതി ഫാദര്‍ ജോണ്‍സണ്‍ വി മാത്യുവും നാളെ ജാമ്യാപേക്ഷ നല്‍കിയേക്കും. ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങുന്നില്ലെങ്കിലും അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ജാമ്യാപേക്ഷയെ എതിര്‍ക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

DONT MISS
Top