ആലപ്പുഴയിലെ ജ്വല്ലറി മോഷണം; അമ്മയും മകനും അടക്കം നാലുപേര്‍ പിടിയില്‍

പ്രതീകാത്മക ചിത്രം

ആലപ്പുഴ: ആലപ്പുഴ മുല്ലയ്ക്കല്‍ സംഗീത ജ്വല്ലറിയില്‍ മോഷണം നടത്തിയ കേസില്‍ അമ്മയും മകനും അടക്കം നാലുപേര്‍ പിടിയില്‍. ഒരു കിലോയോളം തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. നഷ്ടപ്പെട്ടതില്‍ ഭൂരിഭാഗം ആഭരണങ്ങളും വീണ്ടെടുത്തു. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.

മോഷണത്തില്‍ നേരിട്ട് പങ്കെടുത്തതില്‍ ഒരാളും വില്‍പ്പനയ്ക്ക് സഹായം ചെയ്ത മൂന്ന് പേരുമാണ് അറസ്റ്റിലായത്. ആര്യാട് പുതുവല്‍ വീട്ടില്‍ സജീര്‍, കാര്‍ത്തികപ്പളളി സുധാവിലാസത്തില്‍ രാകേഷ്, അമ്മ സുധ, കൊമ്മാടി സ്വദേശിനി സൗമ്യ എന്നിവരാണ് പിടിയിലായത്. വണ്ടാനം സ്വദേശി ഇജാസിനെയാണ് ഇനി പിടികൂടാനുളളത്. ജൂണ്‍ 30ന് രാത്രി സജീര്‍, ഇജാസ് എന്നിവര്‍ ചേര്‍ന്നാണ് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചത്. ജ്വല്ലറിയുടെ ഷട്ടറിന്റെ ഒരു ഭാഗം പൊളിച്ചാണ് സജീര്‍ അകത്തു കടന്നത്.

മോഷ്ടിച്ച ആഭരണങ്ങള്‍ വില്‍പ്പന നടത്തുന്നതിനാണ് സ്ത്രീകള്‍ അടക്കം മൂന്നുപേര്‍ സഹായിച്ചത്. കേസില്‍ ആദ്യം പിടിയിലായത് സൗമ്യയാണ്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് മറ്റുളളവരുടെ അറസ്റ്റിലേക്ക് നയിച്ചത്. ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ചിരുന്ന സജീര്‍, ഇജാസ് എന്നിവര്‍ ആദ്യമായണ് ഇത്രവലിയ മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രധാന പ്രതികള്‍ക്കിരുവര്‍ക്കും 19 വയസ്സാണ് പ്രായം. മോഷ്ടിക്കപ്പെട്ട സ്വര്‍ണാഭരണങ്ങളില്‍ ഭൂരിഭാഗവും ആലപ്പുഴ മെഡിക്കല്‍ കോളെജ് പരിസരത്ത് കുഴിച്ചിട്ടിടത്ത് നിന്നും പൊലീസ് കണ്ടെത്തി.

DONT MISS
Top