‘മെഹബൂബ നുണ പറയുകയാണ്, സ്വന്തം പാര്‍ട്ടിയെ നിയന്ത്രിക്കാന്‍ പഠിക്കണം’; ആരോപണങ്ങള്‍ തള്ളി രാം മാധവ്

ദില്ലി: പിഡിപിയെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി നേതാവ് രാം മാധവ് രംഗത്ത്. മെഹബൂബ നുണ പറയുകയാണെന്നും സ്വന്തം പാര്‍ട്ടിയെ നിയന്ത്രിക്കാന്‍ അവര്‍ പഠിക്കണമെന്നും രാം മാധവ് കൂട്ടിച്ചേര്‍ത്തു.

‘കഴിഞ്ഞ ദിവസം മെഹബൂബ പറഞ്ഞ കാര്യങ്ങള്‍ നിര്‍ഭാഗ്യകരവും വാസ്തവ വിരുദ്ധവുമാണ്. ദില്ലിയില്‍ നിന്ന് ആരും തന്നെ അവരുടെ പാര്‍ടിയെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല. പാര്‍ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം കേന്ദ്രത്തെ കുറ്റപ്പെടുത്തുകയും തീവ്രവാദത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തുകയുമാണ്. ആരെയും ഭിന്നിപ്പിക്കാന്‍ ബിജെപി ശ്രമിച്ചിട്ടില്ല,’ രാം മാധവ് വ്യക്തമാക്കി.

ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കഴിഞ്ഞ ദിവസം മുഫ്തി ഉന്നയിച്ചത്. പിഡിപിയെ തകര്‍ക്കാന്‍ ദില്ലിയില്‍ നിന്ന് ശ്രമമുണ്ടായാല്‍ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നും മറ്റൊരു സലാഹുദ്ദീനേയോ, യാസിന്‍ മാലിക്കിനേയോ സൃഷ്ടിക്കുന്നതിന് തുല്യമായിരിക്കും അതെന്നുമായിരുന്നു മെഹബൂബയുടെ മുന്നറിയിപ്പ്. ഇതിന് പിന്നാലെയാണ് രാം മാധവിന്റെ പ്രതികരണം.

ജമ്മുകശ്മീരില്‍ വികസനം കൊണ്ടുവരുന്നതില്‍ മുഫ്തി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നുും പിഡിപിയുമായി ചേര്‍ന്ന് പോകാനാകില്ലെന്നും ആരോപിച്ചായിരുന്നു നേരത്തെ ബിജെപി മുഫ്തി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്.

DONT MISS
Top