ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ വാക്കാല്‍ പരാതി പറഞ്ഞിരുന്നെന്ന് പാലാ ബിഷപ്

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ പാലാ ബിഷപ്പിന്റെ മൊഴിയെടുത്തു. രേഖാമൂലമല്ല വാക്കാലാണ് കന്യാസ്ത്രീ പരാതി പറഞ്ഞതെന്ന് പാല ബിഷപ്പ് അന്വേഷണ സംഘത്തിന് മൊഴി നല്‍കി. അതേ സമയം, കന്യാസ്ത്രീയുടെ മൊഴി നൂറുശതമാനവും വിശ്വസിക്കാനാവില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

ജലന്ധര്‍ ബിഷപ്പിന്റെ പീഡനത്തിനിരയായെന്ന് ചൂണ്ടിക്കാട്ടി കുറവിലങ്ങാട് പള്ളി വികാരിക്കും പാലാ ബിഷപ്പിനും കര്‍ദ്ദിനാളിനും പരാതി നല്‍കിയിരുന്നുവെന്ന് കന്യാസ്ത്രീ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്അന്വേഷണസംഘം കുറവിലങ്ങാട് പള്ളി വികാരി ഫാദര്‍ ജോസഫ് തടത്തിലിന്റെയും പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെയും മൊഴിയെടുത്തത്. കന്യാസ്ത്രീയുടെ മൊഴിയെ സാധൂകരിക്കുന്ന കാര്യങ്ങളാണ് ഇരുവരും അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്. എന്നാല്‍ പരാതി നല്‍കിയത് രേഖാമൂലമല്ലെന്നും അന്വേഷണസംഘം വ്യക്തമാക്കി.

അതേസമയം, കന്യാസ്ത്രീയുടെ മൊഴി നൂറുശതമാനവും വിശ്വസിക്കാനാവില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ആ മൊഴി മാത്രം വിശ്വസിച്ച് തുടര്‍നടപടികളിലേക്ക് പോയാല്‍ കേസ് ദുര്‍ബലമാകുമെന്നതിനാല്‍ തെളിവുകള്‍ പൂര്‍ണമായി ലഭിക്കും വരെ കാത്തിരിക്കാനാണ് നീക്കം. കന്യാസ്ത്രീ പൊലീസിനും കോടതിയിലും നല്‍കിയ മൊഴിയിലെ പൊരുത്തക്കേടുകള്‍ പരിശോധിച്ച് വ്യക്തതവരുത്തുന്നതിനുളള നടപടികളും അന്വേഷണ സംഘം തുടങ്ങി കഴിഞ്ഞു. ഇരയ്ക്ക് ഏറ്റവും കൂടുതല്‍ അനുകൂലമായി ലഭിക്കുന്ന തെളിവായ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്ന മൊഴിയും പൊലീസിനെ കുഴയ്ക്കുന്നുണ്ട്.

ബുധനാഴ്ച്ചയോടെ ജലന്ധറില്‍ പോയി വിശദമായ അന്വേഷണവും തെളിവ് ശേഖരണവും നടത്തി ഈ മാസം 23 ന് അന്വേഷണസംഘം തിരികെ എത്തിയാല്‍ മാത്രമേ മൊഴിയിലേയും കേസിലേയും പൊരുത്തക്കേടുകള്‍ പരിഹരിക്കാനാവൂ എന്നാണ് പൊലീസിന്റെ നിലപാട്. അതിനിടെ കേസിലെ നിര്‍ണായക സാക്ഷികളായേക്കാവുന്ന രണ്ടു കന്യാസ്ത്രീകളുടെ സാക്ഷിമൊഴി അന്വേഷണസംഘം അടുത്ത ദിവസം രേഖപ്പെടുത്തും.

DONT MISS
Top