പരാജിതരുടെ ഫൈനല്‍ ഇന്ന്: മൂന്നാമനായി മടങ്ങാന്‍ ഇംഗ്ലണ്ടും ബെല്‍ജിയവും

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: പാരാജിതരുടെ ഫൈനലില്‍ ഇന്ന് ഇംഗ്ലണ്ട് ബെല്‍ജിയത്തെ നേരിടും. വിജയത്തോടെ റഷ്യവിടാനുള്ള ഒരുക്കത്തിലാണ് ഇരു ടീമുകളും. ആദ്യ റൗണ്ടില്‍ ഇവര്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം ബെല്‍ജിയത്തിനായിരുന്നു.

ലോകകപ്പ് തുടങ്ങുമ്പോള്‍ കിരീട സാധ്യത കല്‍പ്പിക്കപ്പെട്ട’ ടീമുകളായിരുന്നു ഇംഗ്ലണ്ടും ബെല്‍ജിയവും. ബെല്‍ജിയത്തിന്റെ സുവര്‍ണതലമുറയും ഇംഗ്ലണ്ടിന്റെ യുവതലമുറയും നിരാശപ്പെടുത്തില്ലെന്ന വിശ്വാസം സെമിഫൈനല്‍ അവസാനിക്കും വരെ ആരാധകര്‍ സൂക്ഷിക്കുകയും ചെയ്തു. ക്രൊയേഷ്യയും ഫ്രാന്‍സും അവരുടെ സ്വപ്‌നങ്ങളെ തകര്‍ത്തുകൊണ്ട് ഫൈനലില്‍ വന്നു.

എങ്കിലും ലോകകപ്പിലെ മൂന്നാം സ്ഥാനം അത്ര ചെറുതല്ല. അതിന്റെ ആകാംക്ഷയും കൗതുകവും മത്സരത്തിനുണ്ടാകും. അതിനാല്‍ ഒരു വിജയം കൂടി, അതായിരിക്കും ഇരു ടീമുകളുടേയും ലക്ഷ്യം. ഏറ്റവും മികച്ച ഇലവനുമായിട്ടായിരിക്കും ഇവര്‍ ഇറങ്ങുക. പ്രാഥമിക റൗണ്ടില്‍ ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബെല്‍ജിയം ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്.

സെമിയില്‍ ഫ്രാന്‍സ് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബെല്‍ജിയത്തെ തോല്‍പ്പിച്ചത്. അധികസമയത്തേക്ക് നീണ്ട മത്സരത്തില്‍ 2-1 നായിരുന്നു ക്രൊയേഷ്യ ഇംഗ്ലണ്ടിനെ തകര്‍ത്തത്.

DONT MISS
Top