അറസ്റ്റിലായ നവാസ് ഷെരീഫും മകളും അദ്യാല ജയിലില്‍, ബി ക്ലാസ് സൗകര്യം

ഇസ്‌ലാമാബാദ്: അഴമതിക്കേസില്‍ അറസ്റ്റിലായ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകള്‍ മറിയത്തെയും പാര്‍പ്പിച്ചിരിക്കുന്നത് റാവല്‍പിണ്ടിയിലെ അദ്യാല ജയിലില്‍. അറസ്റ്റിലായ ആദ്യദിനം ഇരുവര്‍ക്കും ബി ക്ലാസ് സൗകര്യമാണ് ജയില്‍ അധികൃതര്‍ നല്‍കിയത്. കഴിഞ്ഞ ദിവസമാണ് ലാഹോര്‍ വിമാനത്താവളത്തില്‍ വച്ച് ഇരുവരെയും നാഷണല്‍ അക്കൗണ്ടബിലിറ്റി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.

ജൂലൈ ആറിനാണ് 68 കാരനായ നവാസ് ഷെരീഫിനെയും 44 കാരിയായ മറിയത്തെയും അഴിമതിക്കേസില്‍ പാകിസ്താന്‍ അക്കൗണ്ടബിലിറ്റി കോടതി ശിക്ഷിച്ചത്. ഷെരീഫിന് പത്ത് വര്‍ഷവും കൂട്ടുപ്രതിയായ മകള്‍ക്ക് ഏഴ് വര്‍ഷവുമാണ് തടവുശിക്ഷ വിധിച്ചിരിക്കുന്നത്. 72 കോടി രൂപ പിഴയും വിധിച്ചിട്ടുണ്ട്. ശിക്ഷ പ്രഖ്യാപിക്കുമ്പോള്‍ ലണ്ടനിലായിരുന്ന ഇരുവരും കഴിഞ്ഞ ദിവസം പാകിസ്താനിലെത്തുകയായിരുന്നു. വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടനെ ഇരുവരെയും അറസ്റ്റ് ചെയ്തു. പാകിസ്താനില്‍് അടുത്തയാഴ്ച പൊതു തരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇരുവരും അറസ്റ്റിലായിരിക്കുന്നത്.

ഷെരീഫും കുടുംബവും ലണ്ടനില്‍ നാല് ഫ്‌ലാറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിയിലാണ് ഇപ്പോള്‍ ഇരുവരും അറസ്റ്റിലായിരിക്കുന്നത്. ഫ്‌ലാറ്റ് വാങ്ങാന്‍ ഉപയോഗിച്ച പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താന്‍ ഷെരീഫിന് കഴിഞ്ഞിരുന്നില്ല. ഇതാണ് കേസിലേക്ക് നയിച്ചത്.

പാകിസ്താന്‍ ജനതയ്ക്ക് വേണ്ടിയാണ് താന്‍ ജയിലിലേക്ക് പോകുന്നതെന്നായിരുന്നു ഷെരീഫിന്റെ പ്രതികരണം.” വരുന്ന തലമുറയ്ക്ക് വേണ്ടിയുള്ള ത്യാഗമാണിത്. ഇത്തരമൊരു അവസരം ഇനി ലഭിക്കില്ല. പാകിസ്താന്റെ വിധി നമുക്ക് ഒരുമിച്ച് കുറിക്കാം”. ഷെരീഫ് പറഞ്ഞു.

ഷെരീഫിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ ലഹോറില്‍ പതിനായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരുന്നത്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടായേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നായിരുന്നു ഇത്. നൂറുകണക്കിനാ പാര്‍ട്ടി പ്രവര്‍ത്തകരാണ് വിമാനത്താവളത്തില്‍ ഷെരീഫിനെ സ്വീകരിക്കാനെത്തിയത്. ഇവരും പൊലീസും തമ്മില്‍ പലസ്ഥലങ്ങളിലും ഏറ്റുമുട്ടല്‍ ഉണ്ടായി.

DONT MISS
Top