‘ഹിന്ദു പാകിസ്താന്‍’ പരാമര്‍ശം: ശശി തരൂരിനെതിര കേസെടുത്തു

ശശി തരൂര്‍

കൊല്‍ക്കത്ത: ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യ ഹിന്ദു പാകിസ്താന്‍ ആകുമെന്ന പ്രസ്താവനയില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ കൊല്‍ക്കത്ത കോടതി കേസെടുത്തു. അഭിഭാഷകന്റെ പരാതിയിലാണ് കോടതി കേസെടുത്തിരിക്കുന്നത്. ഓഗസ്റ്റ് 14 ന് തരൂരിനോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. തരൂരിന്റെ പ്രസ്താവന മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാട്ടിയാണ് അഭിഭാഷകനായ സുമീത് ചൗധരി പരാതി നല്‍കിയത്.

ജൂലൈ 11 ന് തിരുവനന്തപുരത്ത് നടന്ന ഒരു ചടങ്ങിലാണ് വിവാദത്തിനിടയാക്കിയ പരാമര്‍ശം തരൂര്‍ നടത്തിയത്. 2019 ല്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ അവര്‍ ഭരണഘടന തിരുത്തിയെഴുതുമെന്നും ഹിന്ദുരാഷ്ട്ര തത്വങ്ങളില്‍ അധിഷ്ഠിതമായ ഭരണഘടനയാകും അവര്‍ സൃഷ്ടിക്കുകയെന്നും തരൂര്‍ കുറ്റപ്പെടുത്തി. ഇന്ത്യയെ അവര്‍ ഹിന്ദു പാകിസ്താന്‍ ആക്കിമാറ്റുമെന്നും തരൂര്‍ വിമര്‍ശിച്ചു. ഇതിനെതിരെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

തരൂരിന്റെ പ്രസ്താവനയോട് അകലം പാലിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം കൈക്കൊണ്ടിരിക്കുന്നത്. എന്നാല്‍ സംസ്ഥാന നേതൃത്വം തരൂരിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. തരൂരിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ബിജെപി ഉയര്‍ത്തിയിരിക്കുന്നത്. പ്രസ്താവന ഹിന്ദുക്കളെ അപമാനിക്കുന്നതാണെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നും ബിജെപി വക്താവ് സാംബിത് പത്ര ആവശ്യപ്പെട്ടു.

DONT MISS
Top