അഭിമന്യുവിന്റെ കൊലപാതകം: പോപ്പുലര്‍ ഫ്രണ്ട് നേതാവ് പിടിയില്‍

കൊച്ചി: മഹാരാജാസ് കോളെജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെഎച്ച് നാസറാണ് പൊലീസ് പിടിയിലായത്. വ്യാഴാഴ്ച രാത്രിയോടെ മുളന്തുരുത്തിയിലെ വീട്ടില്‍ നിന്നാണ് നാസര്‍ പിടിയിലായത്.

കൊലപാതകത്തില്‍ ആലുവയില്‍ അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് വീട്ടില്‍ നടത്തിയ തെരച്ചിലിലാണ് നാസര്‍ പിടിയിലായത്. മൂവാറ്റുപുഴയിലെ രഹസ്യകേന്ദ്രത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വരെ ഇയാളെ ചോദ്യം ചെയ്തതായാണ് വിവരം. ശാരീരിക അസ്വാസ്ഥ്യതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍പ് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനജനറല്‍ സെക്രട്ടറി, ട്രഷറര്‍ പദവികളും നാസര്‍ വഹിച്ചിട്ടുണ്ട്.

അതേസമയം, കേസിലെ പ്രധാനപ്രതികള്‍ വിദേശത്തേക്ക് കടന്നതായാണ് പൊലീസ് സ്ഥിരീകരിക്കുന്നത്. പ്രധാന പ്രതികളെ ഇനിയും പിടികൂടാന്‍ കഴിയാത്തതില്‍ വന്‍വിമര്‍ശനങ്ങളാണ് പൊലീസിനെതിരെ ഉയരുന്നത്. കൊലപാതകം നടന്ന് 13 ദിവസം പിന്നിട്ടിട്ടും മുഖ്യപ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പൊലീസിന്റെ മെല്ലെപ്പോക്കാണ് പ്രതികളെ രക്ഷപെടാന്‍ സഹായിച്ചതെന്ന വിമര്‍ശനമാണ് ഉയരുന്നത്.

DONT MISS
Top