ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതി: കര്‍ദിനാള്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കും

ഫ്രാങ്കോ മുളയ്ക്കല്‍

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ പാലാ ബിഷപ്പിനെ മൊഴി ഇന്ന് രേഖപ്പെടുത്തും. പീഡനത്തെക്കുറിച്ച് കന്യാസ്ത്രീ പരാതി പറഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന ആരോപണത്തിലാണ് മൊഴിയെടുക്കല്‍. അതേസമയം, കേസില്‍ നിര്‍ണ്ണായക സാക്ഷികളാകാന്‍ സാധ്യതയുള്ള രണ്ട് പേരുടെ മൊഴിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണസംഘം.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ മൊഴിയെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ട്, കുറവിലങ്ങാട് വികാരി എന്നിവരുടെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്. രണ്ടുദിവസം മുന്‍പ് തന്നെ മൊഴി രേഖപ്പെടുത്താന്‍ ഇവരോട് അന്വേഷണസംഘം സമയം ചോദിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നു മൊഴിയെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചത്.

പാലായിലെ ബിഷപ്പ് ഹൗസില്‍ നേരിട്ട് എത്തിയാകും മൊഴി രേഖപ്പെടുത്തുക. സമയം ലഭിച്ചാല്‍ ഇന്നുതന്നെ കുറവിലങ്ങാട് വികാരിയുടെയും മൊഴി രേഖപ്പെടുത്തും. ഇതിനുശേഷമാകും കര്‍ദിനാളിന്റെ മൊഴി രേഖപ്പെടുത്തുക.

അതേസമയം, കേസില്‍ നിര്‍ണായക സാക്ഷികളാകാന്‍ സാധ്യതയുള്ള രണ്ടു പേരെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണ സംഘം. പീഡനം നടന്ന കാലയളവില്‍ കന്യാസ്ത്രീ യോടൊപ്പം താമസിച്ചിരുന്ന രണ്ട് കന്യാസ്ത്രീമാരാണിവര്‍. ബിഷപ്പിന്റെ മാനസിക പീഡനത്തെ തുടര്‍ന്ന് ഇവര്‍ സഭ വിട്ടിരുന്നു. ഇവരുടെ മൊഴി ലഭിച്ചാല്‍ അത് കേസില്‍ നിര്‍ണായകമാകും.

DONT MISS
Top