ശുഹൈബ് വധക്കേസില്‍ സിപിഐഎം ഗൂഢാലോചന നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതം; പ്രതികള്‍ക്ക് പിണറായി വിജയനുമായി ബന്ധമില്ല: സംസ്ഥാനം സുപ്രിം കോടതിയില്‍

ദില്ലി: ശുഹൈബ് വധകേസിലെ പ്രതികള്‍ക്ക് പിണറായി വിജയനോ, പി ജയരാജനോ ആയി ബന്ധമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. സിപിഐഎം നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമെന്നും കേരളം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനുമായി ശുഹൈബ് വധക്കേസിലെ പ്രതികള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് ശുഹൈബിന്റെ പിതാവ് മുഹമ്മദും മാതാവ് റസിയയും നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി സംസ്ഥാനസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. ബന്ധമുണ്ടെന്ന് ആരോപിച്ചിരിക്കുന്നവരാണ് കേസിലെ ആദ്യ അഞ്ച് പ്രതികള്‍. അവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇപ്പോഴും അവര്‍ ജയിലിലാണ്. നിഷ്പക്ഷമായ അന്വേഷണത്തിന് മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്. ഏതെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിലല്ല ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ശുഹൈബ് വധം കണ്ണൂരിലെ ഉന്നത സിപിഐഎം നേതാക്കള്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്ന വാദവും സംസ്ഥാനസര്‍ക്കാര്‍ നിരാകരിക്കുന്നു. ഇത്തരം ആരോപണങ്ങള്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനനത്തിലാണ്. ആരോപണത്തിന് വ്യക്തതയില്ല. കൊലയാളികള്‍ വന്ന വാഹനം രണ്ടാഴ്ചകള്‍ക്ക് ശേഷമാണ് കണ്ടെത്തിയതെന്നും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന ആരോപണവും അടിസ്ഥാനരഹിതമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്റിംഗ് കൗണ്‍സില്‍ ജി പ്രകാശ് ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ശുഹൈബ്

ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലും ഐജിയുടെ മേല്‍നോട്ടത്തിലുമാണ് അന്വേഷണം നടന്നത്. പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തിയത്. 11 പ്രതികളാണ് ഉള്ളത്. 11 പേരെയും അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയെ അഞ്ച് ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്തു. 130 സാക്ഷികളാണ് ഉള്ളത്. 132 തെളിവുകള്‍ കണ്ടെത്തി. ചില സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ കുറ്റമറ്റ രീതിയിലാണ് അന്വേഷണം നടത്തിയതെന്ന് കണ്ടെത്താന്‍ സാധിക്കുമെന്നും കേരളം ചൂണ്ടിക്കാട്ടുന്നു.

ഷുഹൈബ് കൊല്ലപ്പെട്ടത് 2018 ഫെബ്രുവരി 12 നാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശുഹൈബിന്റെ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചത് ഫെബ്രുവരി 27 നും. എന്നാല്‍ പിന്നീട് അന്വേഷണം പൂര്‍ത്തിയാക്കി മട്ടന്നൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് കേസന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെടുന്നതും കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം കേസ് അന്വേഷണം വേറെ ഒരു ഏജന്‍സിക്ക് കൈമാറണം എന്ന് പറയുന്നതും രണ്ടാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സുപ്രിം കോടതി

മലബാര്‍ പ്രവിശ്യയില്‍ നടക്കുന്ന ക്രിമിനില്‍ കേസുകളില്‍ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന്മേല്‍ ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ പരിഗണിക്കാനാകില്ലെന്ന ശുഹൈബിന്റെ മാതാപിതാക്കളുടെ വാദം നിലനില്‍ക്കില്ലെന്ന് കേരളം ചൂണ്ടിക്കാട്ടുന്നു. മലബാര്‍ പ്രസിഡന്‍സി നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹര്‍ജിയില്‍ ഇങ്ങനെ ഒരു വാദം ഉന്നയിച്ചിരുന്നത്. ഈ വാദം അംഗീകരിച്ചാല്‍ തിരുവിതാംകൂര്‍ മേഖലയില്‍ നടക്കുന്ന ക്രിമിനല്‍ കേസുകളില്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീലുകള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനും മലബാര്‍ മേഖലയില്‍ നടക്കുന്ന ക്രിമിനല്‍ കേസുകളില്‍ സിംഗിള്‍ ബെഞ്ച് വിധിക്ക് എതിരായ അപ്പീലുകള്‍ സുപ്രിം കോടതിയും കേള്‍ക്കേണ്ട സാഹചര്യം ഉണ്ടാകും. ഇത് അസ്വാഭാവികവും ആശയ ക്കുഴപ്പവും സൃഷ്ടിക്കും. 1958 ല്‍ നിലവില്‍ വന്ന കേരള ഹൈക്കോടതി നിയമം സംസ്ഥാനത്തിന് മുഴുവന്‍ ബാധകമാണെന്നും കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ശുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജികള്‍ തിങ്കളാഴ്ച സുപ്രിം കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡെ, എല്‍ നാഗേശ്വര്‍ റാവു എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ശുഹൈബിന്റെ മാതാപിതാക്കള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരാകും. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറാണ് ഹാജരാകാന്‍ സാധ്യത.

DONT MISS
Top