ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗിക പീഡനം: ഒരു വൈദികന്‍ കൂടി അറസ്റ്റില്‍

കേസിലെ പ്രതികള്‍

പത്തനംതിട്ട: കുമ്പസാരരഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ ഒരു വൈദികന്‍ കൂടി അറസ്റ്റിലായി. കേസിലെ മൂന്നാം പ്രതി ഫാദര്‍ ജോണ്‍സണ്‍ വി മാത്യുവാണ് അറസ്റ്റിലായത്. ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി തിരുവല്ല ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചു.

ഇയാളെ കോഴഞ്ചേരിയിലെ ഒരു വീട്ടില്‍ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. കഴിഞ്ഞ ദിവസം കേസിലെ രണ്ടാം പ്രതി ജോബ് മാത്യുവിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.

സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പാണ് ഫാദര്‍ ജോണ്‍സണ്‍ വി മാത്യുവിനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ മൊത്തം നാല് പ്രതികളാണ് ഉള്ളത്. ഒന്നാം പ്രതി ഫാദര്‍ സോണി വര്‍ഗീസ്, നാലം പ്രതി ഫാദര്‍ ജെയ്‌സ് കെ ജോര്‍ജ്. ഇവര്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

കൊല്ലം പോളയത്തോട് വച്ച് ജൂണ്‍ 12 ന് അന്വേഷണസംഘത്തിന് മുന്നില്‍ കീഴടങ്ങിയ രണ്ടാം പ്രതി ജോബിന്റെ അറസ്റ്റ് വൈകിട്ടോടെയാണ് രേഖപ്പെടുത്തിയത്. മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയ ഇദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ആദ്യം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലും പിന്നീട് ഐജി എസ് ശ്രീജിത്തും ജോബിനെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ ജോബ് കുറ്റം സമ്മതിച്ചതായാണ് സൂചന.

മലപ്പള്ളി സ്വദേശിയാണ് തന്റെ ഭാര്യയെ അഞ്ച് വൈദികര്‍ പീഡിപ്പിച്ചെന്ന് കാട്ടി സഭാ നേതൃത്വത്തിന് പരാതി നല്‍കിയത്. യുവതിയുടെ സത്യവാങ്മൂലം ഉള്‍പ്പെടെയായിരുന്നു പരാതി നല്‍കിയത്. എന്നാല്‍ ഇവര്‍ പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. വിഎസ് അച്യുതാനന്ദന്‍ ഡിജിപിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് ക്രൈംബ്രാഞ്ച് യുവതിയില്‍ നിന്ന് മൊഴിയെടുത്തു. പിന്നീട് യുവതി കായംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴിയും നല്‍കിയിരുന്നു.

പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പ്രതികള്‍ക്കെതിരെ ഗുരുതരമായ നിരീക്ഷണങ്ങള്‍ നടത്തിയ ശേഷമായിരുന്നു ഹര്‍ജി തള്ളിയത്. പ്രതികള്‍ യുവതിയെ വേട്ടമൃഗത്തെ പോലെയാണ് കണക്കാക്കിയതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

DONT MISS
Top