“ശശി തരൂര്‍ ധീരതയോടെ പറഞ്ഞ അഭിപ്രായത്തെ സല്യൂട്ട് ചെയ്യുന്നു”: പിന്തുണയുമായി വിഡി സതീശന്‍


കൊച്ചി: ബിജെപി വീണ്ടും കേന്ദ്രത്തില്‍ അധികാരത്തിലെത്തുന്നത് രാജ്യത്തിന് ആപത്താണെന്ന ശശി തരൂര്‍ എംപിയുടെ പ്രസ്താവനയ്ക്ക് പിന്തുണയുമായി വിഡി സതീശന്‍ എംഎല്‍എ രംഗത്ത്. പാര്‍ട്ടി കേന്ദ്രനേതൃത്വം ശശി തരൂരിനെ പിന്തുണയ്ക്കുന്നതില്‍ വിമുഖത കാട്ടുന്ന സാഹചര്യത്തിലാണ് സതീശന്‍ ശക്തമായ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. ശശീ തരൂര്‍ ധീരതയോടെ പറഞ്ഞ അഭിപ്രായത്തെ താന്‍ സല്യൂട്ട് ചെയ്യുന്നതായും പാര്‍ട്ടി അദ്ദേഹത്തിന് പിന്തുണ നല്‍കണമെന്നും സതീശന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

2019 ലും ബിജെപി അധികാരത്തിലെത്തിയാല്‍ ഇന്ത്യ ഹിന്ദു പാകിസ്താന്‍ ആകുമെന്നായിരുന്നു തരൂരിന്റെ പ്രസ്താവന. ഇതിനെയാണ് സതീശന്‍ പിന്തുണച്ച് രംഗത്തെത്തിയത്.

“ശശി തരൂരിന്റെ അഭിപ്രായത്തോട് തീര്‍ച്ചയായും യോജിക്കുന്നു. ഇന്ത്യയെ ഹിന്ദു മതാധിഷ്ഠിത രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിന് വേണ്ടിയിട്ടുള്ള നടപടികള്‍ വിവിധ സംഘടനകളുടെയും രാജ്യത്തെ സര്‍ക്കാരിന്റെയും നേതൃത്വത്തില്‍ നടപ്പിലാക്കുമ്പോള്‍ അതിനെക്കുറിച്ച് ഉത്കണ്ഠ രേഖപ്പെടുത്തേണ്ടത് ഒരു കോണ്‍ഗ്രസുകാരനായ രാഷ്ട്രീയ നേതാവിന്റെ ധര്‍മമാണ്. ആ ധര്‍മമാണ് ശശി തരൂര്‍ അനുഷ്ഠിക്കുന്നത്. അദ്ദേഹത്തെ പൂര്‍ണമായും പന്തുണയ്ക്കുന്നു. അദ്ദേഹത്തിന് പാര്‍ട്ടി പൂര്‍ണമായ പിന്തുണ നല്‍കണമെന്നാണ് എന്റെ അഭിപ്രായം. ധീരതയോടെ ശശി തരൂര്‍ നടത്തിയ അഭിപ്രായ പ്രകടനത്തെ സല്യൂട്ട് ചെയ്യുന്നു”. സതീശന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് തരൂര്‍ ബിജെപിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. ‘അടുത്ത പൊതുതെരഞ്ഞെടുപ്പിലും വിജയിച്ച് ബിജെപി അധികാരത്തിലെത്തിയാല്‍ അവര്‍ ഇന്ത്യയുടെ ഭരണഘടന തിരുത്തിയെഴുതും. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, സഹിഷ്ണുതയുള്ള ഇന്ത്യ അതോടെ ഇല്ലാതാകും. ഹിന്ദുരാഷ്ട്ര തത്വങ്ങളില്‍ അധിഷ്ഠിതമായ ഭരണഘടനയാകും ബിജെപി സൃഷ്ടിക്കുക. ഇതിലൂടെ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ചവിട്ടിയരയ്ക്കപ്പെടും. ന്യൂനപക്ഷങ്ങള്‍ക്കുള്ള സമത്വം തുടച്ച് നീക്കപ്പെടും. തരൂര്‍ പറഞ്ഞു. ഇത്തരമൊരു രാജ്യത്തിന് വേണ്ടി ആയിരുന്നില്ല മഹാത്മാ ഗാന്ധി, മൗലാന് അബുല്‍ കലാം ആസാദ്, നെഹ്‌റു, പട്ടേല്‍ തുടങ്ങിയ മഹാന്‍മാര്‍ ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ പോരാടിയത്’. ഇതായിരുന്നു തരൂരിന്റെ പ്രസ്താവന.


തരൂരിന്റെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. പ്രസ്താവനയിലൂടെ തരൂര്‍ ഇന്ത്യയിലെ ഹിന്ദുക്കളെ അപമാനിക്കുകയാണെന്നും വിഷയത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നും ബിജെപി വക്താവ് സാംബിത് പത്ര ആവശ്യപ്പെട്ടു. എന്നാല്‍ തരൂരിന്റെ പ്രസ്താവനയെ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം തള്ളിക്കളഞ്ഞിരിക്കുകയാണ്. വിവാദപ്രസ്താവനകളില്‍ നിന്ന് പാര്‍ട്ടി നേതാക്കള്‍ അകലം പാലിക്കണമെന്ന് നേതൃത്വം നിര്‍ദേശിച്ചു.

DONT MISS
Top