അഭിമന്യുവിന്റെ കൊലപാതകം: ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

കൊച്ചി: മഹാരാജാസ് കോളെജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തില്‍ ഒരു എസ്ഡിപിഐ പ്രവര്‍ത്തകനെ കൂടി പൊലീസ് പിടിയിലായി. വൈറ്റിലയില്‍ നിന്ന് ഇസ്മയില്‍ എന്നയാളാണ് പിടിയിലായത്. അതേസമയം, കേസിലെ മുഖ്യപ്രതി മുഹമ്മദ് ഇപ്പോഴും ഒളിവിലാണ്.

ഇന്ന് രാവിലെ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ഇസ്മയിലിനെ കസ്റ്റഡിയില്‍ എടുത്തത്. അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പ്രതികള്‍ക്ക് രക്ഷപെടാന്‍ ഇയാള്‍ അവസരം ഒരുക്കിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ഒടുവിലാണ് ഇസ്മയിലെ പിടികൂടാന്‍ പൊലീസ് തീരുമാനിച്ചത്.

കൊലപതാകത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്‍പത് പ്രതികള്‍ ഇപ്പോഴും ഒളിവിലാണെന്നത് പൊലീസിനെ കുഴയ്ക്കുന്നുണ്ട്. മുഖ്യപ്രതി മുഹമ്മദിനെ അടക്കം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അതേസമയം, പൊലീസിന്റെ വീഴ്ചയാണ് മുഖ്യപ്രതി രക്ഷപെടാന്‍ കാരണമെന്ന ആരോപണം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

കേസില്‍ ഇതുവരെ ആറുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒളിവിലുള്ള പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിനുള്ള നീക്കത്തിലാണ് പൊലീസ്.

DONT MISS
Top