രോഹിതും കുല്‍ദീപും തിളങ്ങി, ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ വിജയഗാഥ തുടരുന്നു

നോട്ടിംഗ്ഹാം: ട്വന്റി20 പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. എട്ട് വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 269 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 59 പന്തുകള്‍ ശേഷിക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ബാറ്റിംഗിലും ബൗളിംഗിലും സമഗ്രാധിപത്യം പുലര്‍ത്തിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. രണ്ടാം മത്സരം ശനിയാഴ്ച ലോഡ്‌സില്‍ നടക്കും. ആറ് വിക്കറ്റ് വീഴ്ത്തിയ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന രോഹിത് ശര്‍മയും (137) ആണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്.

ഇന്ത്യയുടെ സ്പിന്‍ കുഴിയില്‍ വീണാണ് ഇംഗ്ലണ്ട് ദയനീയ തോല്‍വി ഏറ്റുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 10 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 73 റണ്‍സ് എന്ന നിലയിലായിരുന്നു. എന്നാല്‍ പതിനൊന്നാം ഓവറില്‍ കുല്‍ദീപ് എത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. മികച്ച രീതിയില്‍ മുന്നേറുകയായിരുന്ന ജേണ്‍ റോയി (38), ബെയര്‍സ്‌റ്റോ (38) എന്നിവരെയും ക്യാപ്റ്റല്‍ ജോ റൂട്ടിനെയും (3) അടുത്തുടത്ത ഓവറുകളില്‍ പുറത്താക്കി കുല്‍ദീപ് ഇംഗ്ലണ്ടിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടു. മധ്യ ഓവറുകളില്‍ ബെന്‍ സ്‌റ്റോക്ക് (50), ബട്ട്‌ലര്‍ (53) എന്നിവര്‍ ചെറുത്ത് നിന്നപ്പോള്‍ മികച്ച സ്‌കോറിലേക്ക് ഇംഗ്ലണ് നീങ്ങുമെന്ന് തോന്നിച്ചു. എന്നാല്‍ ഇരുവരെയും പുറത്താക്കി കുല്‍ദീപ് തന്നെ ആ പ്രതീക്ഷയും തകര്‍ത്തു. 39 ഓവറില്‍ അഞ്ചിന് 198 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ട് അവസാന 11 ഓവറില്‍ നേടിയത് 69 റണ്‍സ് മാത്രം. ഒരു പന്ത് ശേഷിക്കെ ആതിഥേയര്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. പത്തോവറില്‍ വെറും 25 റണ്‍സ് വഴങ്ങിയാണ് കുല്‍ദീപ് ആറ് വിക്കറ്റുകള്‍ പിഴുതത്.

മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍മാരായ ധവാനും രോഹിതും സ്‌ഫോടനാത്മക തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. ഇരുവരും എട്ടോവറില്‍ 59 റണ്‍സ് ചേര്‍ത്തു. തുടക്കത്തില്‍ കൂടുതല്‍ ആക്രമണം നടത്തിയ ധവാന്‍ഡ 27 പന്തില്‍ 40 റണ്‍സുമായി മടങ്ങി. പിന്നീടെത്തിയ കോഹ്‌ലിയ്‌ക്കൊപ്പം രോഹിത് ഇന്ത്യയെ അനായാസ ജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും രണ്ടാ വിക്കറ്റില്‍ 167 റണ്‍സ് ചേര്‍ത്തു. കോഹ് ലി 82 പന്തില്‍ 75 റണ്‍സുമായി മടങ്ങിയപ്പോള്‍ രോഹിത് പുറത്താകാതെ നിന്നു. 114 പന്തില്‍ 15 ഫോറും നാല് സിക്‌സറുകളും ഉള്‍പ്പെട്ടതാണ് രോഹിതിന്റെ പതിനെട്ടാം ഏകദിന സെഞ്ച്വറി.

DONT MISS
Top