ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗിക പീഡനം: വൈദികന്റെ അറസ്റ്റ് രേഖപ്പെടുത്തി

കൊല്ലം: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതിയായ വൈദികന്‍ ജോബ് മാത്യു കൊല്ലത്ത് അറസ്റ്റില്‍. അന്വേഷണസംഘം നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റംസമ്മതിച്ചതായാണ് സൂചന. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ വൈദികനെ കോടതിയില്‍ ഹാജരാക്കും. കേസിലെ മറ്റ് രണ്ട് പ്രതികളെ കണ്ടെത്താന്‍ സംസ്ഥാനത്തും അന്യസംസ്ഥാനങ്ങളിലും പൊലീസ് പരിശോധന നടത്തുകയാണ്.

കുമ്പസാരരഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസിലെ ആദ്യ അറസ്റ്റാണ് ഇന്ന് കൊല്ലത്ത് രേഖപ്പെടുത്തിയത്. കേസിലെ രണ്ടാം പ്രതിയായ വൈദികന്‍ ജോബ് മാത്യു ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ കൊല്ലം പോളയത്തോട് വച്ച് അന്വേഷണസംഘത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. പത്തരയോടെ കൊല്ലം ജില്ലാ പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ എത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ വൈദികന്‍ കുറ്റം സമ്മതിച്ചതായിട്ടാണ് സൂചന. തുടര്‍ന്ന് പ്രതിയെ കൊല്ലം ജില്ലാ ജനറല്‍ ആശുപത്രിയില്‍എത്തിച്ച് ലൈംഗിക ശേഷീപരിശോധന അടക്കമുള്ളവയ്ക്ക് വിധേയനാക്കി.

കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കാനാണ് തീരുമാനം. നാളെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. പീഡനം നടന്ന സ്ഥലങ്ങളില്‍ പ്രതിയെ എത്തിച്ച് തെളിവെടുക്കും. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് പ്രതി അന്വേഷണസംഘത്തിനു മുന്നില്‍ കീഴടങ്ങിയത്.

അതേസമയം, കേസിലെ മറ്റു രണ്ടു പ്രതികളെ പിടികൂടാന്‍ അന്വേഷണസംഘം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ബാംഗ്ലൂരിലും സേലത്തും സംഘം പരിശോധന നടത്തി. കേസില്‍ ഒന്നും മൂന്നും പ്രതികളായ മറ്റു രണ്ടു വൈദികര്‍ ജാമ്യത്തിനായി സുപ്രിം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. അതിനു മുമ്പ് ഇവരെ പിടികൂടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

DONT MISS
Top