2019 ല്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ഇന്ത്യ ‘ഹിന്ദു പാകിസ്താന്‍’ ആകും: ശശി തരൂര്‍

ദില്ലി: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ബിജെപി അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെ ഹിന്ദു പാകിസ്താനാക്കി മാറ്റുമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ന്യൂനപക്ഷങ്ങളുടെ അധികാരങ്ങളെ ബിജെപി ചവിട്ടിയരയ്ക്കുമെന്നും തരൂര്‍ പറഞ്ഞു. തരൂരിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് തരൂര്‍ ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ചത്. “അടുത്ത പൊതുതെരഞ്ഞെടുപ്പിലും വിജയിച്ച് ബിജെപി അധികാരത്തിലെത്തിയാല്‍ അവര്‍ ഇന്ത്യയുടെ ഭരണഘടന തിരുത്തിയെഴുതും. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, സഹിഷ്ണുതയുള്ള ഇന്ത്യ അതോടെ ഇല്ലാതാകും”.

“ഹിന്ദുരാഷ്ട്ര തത്വങ്ങളില്‍ അധിഷ്ഠിതമായ ഭരണഘടനയാകും ബിജെപി സൃഷ്ടിക്കുക. ഇതിലൂടെ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ചവിട്ടിയരയ്ക്കപ്പെടും. ന്യൂനപക്ഷങ്ങള്‍ക്കുള്ള സമത്വം തുടച്ച് നീക്കപ്പെടും. തരൂര്‍ പറഞ്ഞു. ഇത്തരമൊരു രാജ്യത്തിന് വേണ്ടി ആയിരുന്നില്ല മഹാത്മാ ഗാന്ധി, മൗലാന് അബുല്‍ കലാം ആസാദ്, നെഹ്‌റു, പട്ടേല്‍ തുടങ്ങിയ മഹാന്‍മാര്‍ ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ പോരാടിയത്”. തരൂര്‍ പറഞ്ഞു.

അതേസമയം, തരൂരിന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി വക്താവ് സാംബിത് പത്ര പറഞ്ഞു. കോണ്‍ഗ്രസാണ് പാകിസ്താന്‍ രൂപീകരണത്തിന്റെ ഉത്തരവാദികള്‍. പ്രസ്താവനയിലൂടെ തരൂര്‍ ഇന്ത്യയിലെ ഹിന്ദുക്കളെ അപമാനിക്കുകയാണ്. സാംബിത് പറഞ്ഞു.

DONT MISS
Top