അഭിമന്യുവിന്റെ കൊലപാതകം; രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി പിടിയിലായി

കൊല്ലപ്പെട്ട് അഭിമന്യു

കൊച്ചി: മഹാരാജാസ് കോളെജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി പിടിയിലായി. ആലപ്പുഴ ജില്ലയിലെ അരൂര്‍, വടുതല സ്വദേശികളായ ഷാജഹാന്‍, ഷിഹ്‌റാസ് എന്നിവരെയാണ് അന്വേഷണ സംഘം പിടികൂടിയത്.

കേസിലെ മുഖ്യ പ്രതിയായ മുഹമ്മദുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് പിടിയിലായ രണ്ടുപേരും. അഭിമന്യുവിനെ കൊലപ്പെടുത്താന്‍ നടന്ന ഗൂഢാലോചനയില്‍ ഇരുവര്‍ക്കും പങ്കുള്ളതായി പൊലീസിന് വ്യക്തമായി. മാത്രമല്ല കൊല നടത്തിയ ശേഷം മുഖ്യപ്രതി മുഹമ്മദിനടക്കം രക്ഷപ്പെടാനുള്ള സഹായങ്ങള്‍ ഇവര്‍ ചെയ്തുനല്‍കിയതായും അന്വേഷണസംഗത്തിന് വ്യക്തമായിട്ടുണ്ട്.

ഇവരില്‍ നിന്ന് മത്പര്‍ദ്ധ വളര്‍ത്തുന്ന ലഘുലേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ ഷാജഹാന്‍ എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് കായിക പരിശീലനം നല്‍കുന്നയാളും ഷിഹറാസ് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നയാളുമാണ്. ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടതോടെയാണ് ഇരുവരെയും പിടികൂടാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

ഇതിനിടെ അരൂക്കുറ്റി, വടുതല ഭാഗത്തെ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീട്ടില്‍ പൊലീസ് പരിശോധനയും നടത്തി. അതേസമയം കേസിലെ മുഖ്യപ്രതി മുഹമ്മദ് രാജ്യം വിട്ടതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്‍പത് പേര്‍ ഇനിയും പിടിയിലാകാനുള്ളത് അന്വേഷണ സംഘത്തെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. പൊലീസിന്റെ വീഴ്ചയാണ് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമെന്ന ആരോപണവും ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.

DONT MISS
Top