ക്രൊയേഷ്യ-ഫ്രാന്‍സ് സ്വപ്ന ഫൈനല്‍

മോസ്‌കോ: മോഹിപ്പിച്ച് മുന്നേറുകയാണ് ക്രൊയേഷ്യ. അമിതപ്രതീക്ഷകള്‍ ഏതുമില്ലാതെ റഷ്യയില്‍ വന്നിറങ്ങിയ ടീം ഫുട്‌ബോളിലെ ലോകരാജാക്കന്‍മാരെ നിര്‍ണയിക്കാനുള്ള പോരാട്ടത്തിന് ഇറങ്ങുകയാണ്. ജൂലൈ 15 ന് മോസ്‌കോയിലെ ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരില്‍ മുന്‍ ചാമ്പ്യന്‍മാരായ ഫ്രാന്‍സാണ് ക്രൊയേഷ്യയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്. ജൂലൈ 10 ന് നടന്ന ആദ്യ സെമിയില്‍ ബെല്‍ജിയത്തെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഫ്രാന്‍സ് ഫൈനലിലെത്തിയത്. ക്രൊയേഷ്യയുടെ ആദ്യ ലോകകപ്പ് ഫൈനലാണിത്.

അധികസമയത്തേക്ക് നീണ്ട സെമിയില്‍ മുന്‍ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ക്രൊയേഷ്യ ഫൈനലില്‍ എത്തിയിരിക്കുന്നത്. മത്സരത്തിന്റെ അഞ്ചാം മിനിട്ടില്‍ ഗോള്‍ വഴങ്ങിയെങ്കിലും മനസാന്നിധ്യം കൈവിടാതെ കാട്ടിയ പോരാട്ട വീര്യമാണ് ക്രൊയേഷ്യയെ ഫൈനല്‍പോരിന് അര്‍ഹരാക്കിയിരിക്കുന്നത്. അറുപത്തിയെട്ടാം മിനിട്ടില്‍ പെരിസിച്ചിലൂടെ സമനില നേടിയ ക്രൊയേഷ്യ അധികസമയത്തിന്റെ പത്തൊന്‍പതാം മിനിട്ടില്‍ മന്‍സൂക്കിച്ചിന്റെ ഗോളിലൂടെയാണ് വിജയം സ്വന്തമാക്കിയത്.

ടൂര്‍ണമെന്റില്‍ ഏറ്റവും സ്ഥിരത പ്രകടിപ്പിച്ച മധ്യ-പ്രതിരോധന നിരകള്‍ ക്രൊയേഷ്യയുടേതായിരുന്നു. അത് സെമിയിലും കണ്ടു. അഞ്ചാം മിനിട്ടില്‍ ഫ്രീകിക്കിലൂടെ ട്രിപ്പിയറാണ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. എന്നാല്‍ പിന്നീട് 115 മിനിട്ട് കിണഞ്ഞ് പരിശ്രമിച്ചിട്ടും ക്രൊയേഷ്യന്‍ വല ചലിപ്പിക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല. ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ പദം അലങ്കരിക്കുന്ന ഇംഗ്ലണ്ടിന്റെ ഹാരി കെയിന്‍ ഇന്നലെ ചിത്രത്തിലേ ഉണ്ടായിരുന്നില്ല.

തങ്ങളുടെ ആദ്യ കിരീടം തേടിയാണ് ക്രൊയേഷ്യ ഇറങ്ങുന്നത്. നേരത്തെ 1998 ലെ ലോകകപ്പില്‍ മൂന്നാം സ്ഥാനം നേടിയതാണ് അവരുടെ ഏറ്റവും മികച്ച പ്രകടനം. ആ ലോകകപ്പില്‍ കിരീടം ചൂടിയ ഫ്രാന്‍സാണ് ഇത്തവണ അവരുടെ എതിരാളി എന്നതാണ് മറ്റൊരു രസകരമായ കാര്യം. അന്ന് സെമിയില്‍ ഫ്രാന്‍സിനോട് തോറ്റായിരുന്നു ക്രൊയേഷ്യ പുറത്തായത്.

DONT MISS
Top