താരസംഘടനയിലെ പ്രതിസന്ധിയില്‍ ഇടപെടില്ലെന്ന് സര്‍ക്കാര്‍; ഡബ്ല്യുസിസി ഉന്നയിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് മോഹന്‍ലാല്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: താരസംഘടനയിലെ പ്രതിസന്ധിയില്‍ ഇടപെടില്ലെന്ന് സര്‍ക്കാര്‍. ഡബ്ല്യുസിസി ഉന്നയിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് മോഹന്‍ലാല്‍ ഉറപ്പ് നല്‍കിയതായി മന്ത്രി എകെ ബാലന്‍ പറഞ്ഞു. താരസംഘടനയിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് വ്യാപക വിമര്‍ശനം നേരിടുന്ന പശ്ചാത്തലത്തിലാണ് എഎംഎംഎ യുടെ പുതിയ പ്രസിഡന്റ് മോഹന്‍ലാല്‍ സാംസ്‌കാരിക മന്ത്രി എകെ ബാലനുമായി കൂടിക്കാഴ്ച നടത്തിയത്. മന്ത്രിയുടെ ഔദ്യോഗിക വസതിയായ പമ്പയില്‍ രാത്രി 9 മണിക്ക് ആരംഭിച്ച കൂടിക്കാഴ്ച 10.30 വരെ നീണ്ടു. എല്ലാവരെയും ഉള്‍പ്പെടുത്തി യോജിച്ചുള്ള പ്രവര്‍ത്തനം നടത്താനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മോഹന്‍ലാല്‍ മന്ത്രിയെ അറിയിച്ചു.

ഡബ്ല്യുസിസി ഉന്നയിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്. ഏകപക്ഷീയ തീരുമാനം ഉണ്ടാകില്ലെന്ന് മന്ത്രിക്ക് മോഹന്‍ലാല്‍ ഉറപ്പ് നല്‍കി. മോഹന്‍ലാല്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയാല്‍ ഉടന്‍ ചര്‍ച്ച നടത്തുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

എഎംഎംഎയും ഡബ്ല്യുസിസിയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ അവര്‍ക്ക് തന്നെ കഴിയുമെന്ന് എകെ ബാലന്‍ അഭിപ്രായപ്പെട്ടു. എഎംഎംഎയുടെ ആഭ്യന്തര കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ല. എന്നാല്‍ സംഘടനയെ പിളര്‍ത്താനുള്ള നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

DONT MISS
Top