ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണം: ആഭ്യന്തര അന്വേഷണവുമായി സഹകരിച്ചില്ലെന്ന സഭയുടെ വാദം പൊളിയുന്നു, കന്യാസ്ത്രീ നല്‍കിയ കത്ത് പുറത്ത്

ഫ്രാങ്കോ മുളയ്ക്കല്‍

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ പീഡനപരാതിയില്‍ ആഭ്യന്തര അന്വേഷണവുമായി കന്യാസ്ത്രീ സഹകരിച്ചില്ലെന്ന സഭയുടെ വാദം പൊളിയുന്നു. ആഭ്യന്തര അന്വേഷണവുമായി സഹകരിക്കാന്‍ തയാറെന്ന് ചൂണ്ടിക്കാട്ടി കന്യാസ്ത്രീ നല്‍കിയ കത്ത് പുറത്തുവന്നു. തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും. അതിനിടെ ബിഷപ്പ് വത്തിക്കാനിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് വ്യോമയാന മന്ത്രാലയത്തിന് അന്വേഷണ സംഘം കത്തയക്കുകയും ചെയ്തിട്ടുണ്ട്.

28-11-2017 ല്‍ സുപ്പീരിയര്‍ ജനറല്‍ തനിക്ക് അയച്ച കത്ത് കിട്ടിയെന്നും കത്തിലെ ആവശ്യം അനുസരിച്ച് 2017ഡിസംബര്‍ 18 ന് ജലന്തറില്‍ വച്ച് കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നും കന്യാസ്ത്രീ കത്തില്‍ കുറിച്ചു. തനിക്കെതിരായ തെറ്റായ ആരോപണങ്ങളില്‍ അതിയായ വേദനയുണ്ടെന്നും ഒരു സമൂഹത്തിലും നടക്കാന്‍ പാടില്ലാത്ത ഒരു കാര്യത്തെ എങ്ങനെയാണ് ഒരു മേലാധികാരിക്ക് ഇത്രയും തെറ്റായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുകയെന്നും കത്തില്‍ പറയുന്നു. ഇപ്പോഴത്തെ തന്റെ സുപ്പീരിയറുടെ നിയമനം തന്നെ സംശയാസ്പദമാണെന്നും. തെറ്റായ ആരോപണം ഉന്നയിച്ച് തന്നെ സഭയില്‍ നിന്ന് പുറത്താക്കാനുളള നീക്കമാണ് നടക്കുന്നതെന്നും സുപ്പീരിയര്‍ ജനറലിന് അയച്ച കത്തില്‍ കന്യാസ്ത്രീ ആരോപിക്കുന്നു.

ഇതിനിടെ കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിയായ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും. ജലന്തര്‍ ബിഷപ്പ് 12 തവണ ബലാത്സംഗം ചെയ്‌തെന്ന് കന്യാസ്ത്രീ രഹസ്യമൊഴി നല്‍കിയിരുന്നു. പീഡനം നടന്നത് കുറവിലങ്ങാട്ട് മഠത്തിലെ 20ാം നമ്പര്‍ മുറിയിലാണെന്ന് കന്യാസ്ത്രീയുടെ മൊഴിയില്‍ വ്യക്തമാക്കുന്നുണ്ട്. പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായെന്നായിരുന്നു ആദ്യം പൊലീസിന് നല്‍കിയ മൊഴി. രഹസ്യമൊഴിയിലെ വെളിപ്പെടുത്തലോടെ പൊലീസ് വീണ്ടും മൊഴി രേഖപ്പെടുത്തി. നേരത്തെ പറയാതിരുന്നത് മാനനഷ്ടവും ജീവഹാനിയും ഭയന്നെന്ന് കന്യാസ്ത്രീ പറഞ്ഞു. ബിഷപ്പിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അന്വേഷണ സംഘം പഞ്ചാബ് പൊലീസിന്റെ സഹായം തേടി.

സഭയ്ക്ക് കീഴിലെ മറ്റ് മഠങ്ങളിലും തെളിവെടുപ്പ് നടത്താനും അന്വേഷണ സംഘം നീക്കം നടത്തുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലുള്ള രണ്ട് മഠങ്ങളില്‍ തെളിവെടുപ്പ് നടത്താനാണ് തീരുമാനം. 2014 മുതലുള്ള കാലയളവില്‍ ബിഷപ്പ് നടത്തിയ കേരള സന്ദര്‍ശനത്തിനിടെ ആയിരുന്നു പീഡനം നടന്നത്. ഈ സാഹചര്യത്തിലാണ് ബിഷപ്പ് മറ്റു മഠങ്ങളില്‍ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വത്തിക്കാനിലേക്ക് കടക്കാന്‍ ശ്രമിച്ചേക്കുമെന്ന് സൂചനയുണ്ട്. ബിഷപ്പ് രാജ്യംവിട്ടുപോകാതിരിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചിരുന്നു. കുറവിലങ്ങാട് നാടുക്കുന്ന് മഠത്തിലെ കന്യാസ്ത്രീയെ ജലന്തര്‍ ബിഷപ്പ് പീഡിപ്പിച്ചതായി പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ സ്ഥിരീകരിച്ചിരുന്നു. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ കൈമാറുമെന്ന് ഡിവൈഎസ്പി അറിയിച്ചു.

DONT MISS
Top