ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ രഹസ്യമൊഴിയും പൊലീസിന് നല്‍കിയ മൊഴിയും ചേര്‍ന്നുപോകുന്നതാണെന്ന് അന്വേഷണ സംഘം

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ രഹസ്യമൊഴിയും പൊലീസിന് നല്‍കിയ മൊഴിയും ചേര്‍ന്നുപോകുന്നതാണെന്ന് അന്വേഷണ സംഘം. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ആദ്യം പൊലീസിന് നല്‍കിയ മൊഴിയില്‍ പറയാതിരുന്ന കാര്യങ്ങള്‍ രഹസ്യമൊഴിയില്‍ കന്യാസ്ത്രീ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് രണ്ടാമതും കന്യാസ്ത്രീയുടെ മൊഴിയെടുക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.

രണ്ടാമത്തെ മൊഴിയെടുക്കല്‍ അഞ്ച് മണിക്കൂര്‍ നീണ്ടുനിന്നു. രഹസ്യമൊഴിയും പൊലീസിന് നല്‍കിയ മൊഴിയും തമ്മില്‍ കാര്യമായ വൈരുദ്ധ്യങ്ങള്‍ ഇല്ലെന്ന് ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആലോചിച്ച ശേഷം മാത്രമേ മറ്റു നടപടികള്‍ സ്വീകരിക്കുകയുള്ളു എന്നും ഡിവൈഎസ്പി വ്യക്തമാക്കി. അതേസമയം കന്യാസ്ത്രീയുടെ കാണാതെ പോയ മൊബൈല്‍ കണ്ടെത്താനുള്ള ശ്രമം അന്വേഷണ സംഘം നടത്തുന്നുണ്ട്. മൊബൈല്‍ കേസില്‍ നിര്‍ണായക തെളിവാണെന്ന് പൊലീസ് അറിയിച്ചു.

ഇതിനിടെ ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ പിന്തുണയ്ക്കുന്നവര്‍ക്ക് മദര്‍ സുപ്പീരിയര്‍ ഭീഷണിക്കത്തയച്ചതായി പരാതി ഉയരുന്നുണ്ട്. ബിഷപ്പിനെതിരെ ഗൂഢാലോചന നടത്തിയെന്ന് കാണിച്ച് മറ്റൊരു കന്യാസ്ത്രീയെയും സഭ താക്കീത് ചെയ്തിട്ടുണ്ട്. ബിഷപ്പിനെ പിന്തുണച്ച് ജലന്ധര്‍ സഭയിലെ വൈദികരും പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.

DONT MISS
Top