പതിനൊന്ന് കുട്ടികള്‍ പുറംലോകത്തെത്തി; ഇനി പരിശീലകനും ഒരു കുട്ടിയും മാത്രം

ബാങ്കോക്ക്: തായ്‌ലന്റിലെ താം ലുവാങ് നാം ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീമിലെ മൂന്ന് കുട്ടികളെ കൂടി ഇന്ന് പുറത്തെത്തിച്ചു. ഇതോടെ ഗുഹയില്‍ നിന്നും പുറത്തെത്തിച്ച കുട്ടികളുടെ എണ്ണം പതിനൊന്നായി. ഇനി ടീം പരിശീലകനും ഒരു കുട്ടിയും മാത്രമാണ് ഗുഹയിലുള്ളത്. ഇവരെയും ഇന്ന് തന്നെ പുറത്തെത്തിക്കും.

രക്ഷാപ്രവര്‍ത്തനത്തിന്റെ മൂന്നാം ദിനമായ ഇന്ന് രണ്ട് കുട്ടികളെയാണ് രക്ഷാപ്രവര്‍ത്തകര്‍ വെളിയിലെത്തിച്ചത്. ഇവരെ ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എട്ട് കുട്ടുകളെയാണ് പുറത്തെത്തിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യദിനമായ ഞായറാഴ്ചയും തിങ്കളാഴ്ചയും നാല് വീതം കുട്ടികളെയാണ് രക്ഷപെടുത്തിയത്. പുറത്തെത്തിച്ച കുട്ടികളുടെ വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ രണ്ട് ദിവസത്തെ അപേക്ഷിച്ച് വളരെ വേഗത്തിലാണ് മൂന്നാം ദിവസത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നത്. ആദ്യ രണ്ട് ദിവസങ്ങളില്‍ ഒരുകുട്ടിയെ പുറത്തെത്തിക്കാന്‍ പതിനൊന്ന് മണിക്കൂറോളം വേണ്ടി വന്നെങ്കില്‍ മൂന്നാം ദിവസം രണ്ട് മണിക്കൂറോളം കുറവ് സമയമേ വേണ്ടിവന്നുള്ളൂ.

ജൂലൈ എട്ട് മുതല്‍ തായ്‌ലന്റില്‍ കാലവര്‍ഷം തുടങ്ങുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി തുടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്‌തെങ്കിലും അത് രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിച്ചില്ല.

DONT MISS
Top