വിംബിള്‍ഡണ്‍: സെറീന, ഫെഡറര്‍, നദാല്‍ ക്വാര്‍ട്ടറില്‍

ലണ്ടന്‍: വിംബിള്‍ഡണില്‍ പ്രമുഖതാരങ്ങള്‍ മുന്നോട്ട്. റോജര്‍ ഫെഡറര്‍, റഫേല്‍ നദാല്‍, സെറീന വില്യംസ് എന്നിവര്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

ഒന്‍പതാം കിരീടം ലക്ഷ്യമിടുന്ന ഫെഡറര്‍ ഫ്രാന്‍സിന്റെ അഡ്രിയാന്‍ മന്നാരിനോയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-0, 7-5, 6-4. സ്വിസ് ഇതിഹാസത്തിന്റെ അന്‍പത്തിമൂന്നാം ഗ്രാന്റ് സ്ലാം ക്വാര്‍ട്ടര്‍ പ്രവേശനമാണിത്. ക്വാര്‍ട്ടറില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സനാണ് ഫെഡററുടെ എതിരാളി. മുന്‍ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ നദാല്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ജിറി വെസലിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മറികടന്നത്. സ്‌കോര്‍ 6-3, 6-3, 6-4. മറ്റൊരു

മുന്‍ചാമ്പ്യനായ സെര്‍ബിയയുട നൊവാക് ദ്യോകോവിച് റഷ്യയുടെ കരേന്‍ കച്ചനോവിനെ എതിരില്ലാത്ത സെറ്റുകള്‍ക്കാണ് തറപറ്റിച്ചത്. സ്‌കോര്‍ 6-4, 6-2, 6-2. ക്വാര്‍ട്ടറില്‍ ജപ്പാന്റെ കെയ് നിഷിക്കോരിയാണ് ദ്യോകോവിചിന്റെ എതിരാളി. കാനഡയുടെ മിലാസ് റവോണികും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. പ്രീക്വാര്‍ട്ടറില്‍ മക്കെന്‍സി മക്‌ഡൊണാള്‍ഡിനെ ഒന്നിനെതിരെ നാല് സെറ്റുകള്‍ക്കാണ് റവോണിക് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-3, 6-4, 6-7(5), 6-2. ക്വാര്‍ട്ടറില്‍ അമേരിക്കയുടെ ജോണ്‍ ഇസ്‌നറാണ് റവോണിക്കിന്റെ എതിരാളി.

ഏഴുവട്ടം കിരീടം ചൂടിയ സെറീന വില്യംസ് റഷ്യയുടെ യോഗ്യതാ മത്സരം കളിച്ചെത്തിയ എവ്ജനിയ റോഡിനയെ അനായാസം തോല്‍പ്പിച്ചാണ് ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍ 6-2, 6-2. വിംബിള്‍ഡണില്‍ സെറീനയുടെ തുടര്‍ച്ചയായ പതിനെട്ടാം വിജയമാണിത്. ലാത്വിയയുടെ യെലേന ഒസ്റ്റാപെങ്കോയും ക്വാര്‍ട്ടറിലെത്തി. ബലാറസിന്റെ അലിയാസാന്‍ഡ്ര സാസ്‌നോവിച്ചിനെ 6-3, 6-1 എന്ന സ്‌കോറിനാണ് ഒസ്റ്റാപിങ്കോ തോല്‍പ്പിച്ചത്.

DONT MISS
Top