പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം; മാപ്പ് പറയാന്‍ തയ്യാറാണെന്ന് എഡിജിപിയുടെ മകള്‍

കൊച്ചി: എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ പൊലീസ് ഡ്രൈവറോട് മാപ്പ് പറയാന്‍ തയ്യാറെന്ന് എഡിജിപിയുടെ മകള്‍. അഭിഭാഷക തലത്തില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് പൊലീസിലെ ദാസ്യപ്പണി വിവാദം ഒത്തുതീര്‍പ്പാക്കാന്‍ നീക്കം നടക്കുന്നത്. പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറോട് മാപ്പ് പറയാന്‍ താന്‍ തയ്യാറാണെന്ന് എഡിജിപിയുടെ മകള്‍ സ്‌നിഗ്ധ അറിയിച്ചു.

പൊലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധയുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എഡിജിപിയുടെ മകള്‍ എന്തിനാണ് അറസ്റ്റിനെ ഭയപ്പെടുന്നതെന്ന് കോടതി ചോദിച്ചു. കോടതിയുടെ ഭാഗത്തുനിന്ന് സംരക്ഷണം വേണ്ടയാളല്ല എഡിജിപിയുടെ മകളെന്നും കോടതി ചൂണ്ടിക്കാട്ടി. തനിക്കെതിരെ ഗവാസ്‌കര്‍ നല്‍കിയ പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌നിഗ്ധ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

അറസ്റ്റ് തടയണമെന്ന ആവശ്യത്തെ സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തു. ഇത് പരിഗണിച്ചാണ് അറസ്റ്റ് തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കിയത്. വാഹനത്തില്‍ നിന്ന് ഇറങ്ങി വന്നാണ് സ്‌നിക്ത ഗവാസ്‌കറെ മര്‍ദിച്ചതെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

കേസ് സംബന്ധിച്ച് അന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് ഒത്തുതീര്‍പ്പ് നടപടികളുമായി എഡിജിപിയുടെ മകള്‍ രംഗത്തെത്തിയിരിക്കുന്നത്. കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന സ്‌നിക്തയുടെ ആവശ്യം ഈ മാസം 12 ന് കോടതി പരിഗണിക്കും.

അതേസമയം യാതൊരുവിധ ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് ഡ്രൈവര്‍ ഗവാസ്‌കറിന്റെ കുടുംബം പ്രതികരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്നും നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഗവാസ്‌കറുടെ അഭിഭാഷകന്‍ എഡിജിപിയുടെ മകളുടെ അഭിഭാഷകനെ അറിയിച്ചതായാണ് വിവരം.

എഡിജിപിയുടെ മകള്‍ തന്നെ ഔദ്യോഗിക വാഹനത്തില്‍വച്ച് മര്‍ദിച്ചെന്ന് കാട്ടിയാണ് ഗവാസ്‌കര്‍ പരാതി നല്‍കിയിരിക്കുന്നത്. ഗവാസ്‌കറിന് മര്‍ദനമേറ്റെന്ന് മെഡിക്കല്‍ പരിശോധനയിലും തെളിഞ്ഞിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ കൊണ്ടുള്ള മര്‍ദനത്തില്‍ കഴുത്തിലെ കശേരുക്കള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇതിന് പിന്നാലെ ഗവാസ്‌കര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് സ്‌നിഗ്ധയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തനിക്കെതിരായ പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവാസ്‌കര്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ ഹര്‍ജിയില്‍ ഗവാസ്‌കറുടെ അറസ്റ്റ് ഹൈക്കോടതി ഈ മാസം 31 വരെ തടഞ്ഞിട്ടുണ്ട്.

DONT MISS
Top