ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗീകാരോപണം: കന്യാസ്തീ പീഡിപ്പിക്കപ്പെട്ടുവെന്ന് വൈദ്യപരിശോധന നടത്തിയ ഡോക്ടറുടെ മൊഴി

കോട്ടയം: കന്യാസ്ത്രീയെ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പീഡിപ്പിച്ചതായി പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ സ്ഥിരീകരണം. പീഡനം നടന്നതായി കന്യാസ്ത്രീയുടെ വൈദ്യപരിശോധന നടത്തിയ ഡോക്ടറും അന്വേഷണ സംഘത്തിന് മൊഴി നല്‍കി. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജലന്തറിലെത്തി ബിഷപ്പിനെ അറസ്റ്റ് ചെയ്യാനും നീക്കമുണ്ട്. കന്യാസ്ത്രിക്കെതിരെ ബിഷപ്പ് നല്‍കിയ പരാതി കെട്ടിച്ചമച്ചതാണെന്നും അന്വേഷണ സംഘം കണ്ടെത്തി. പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയ ശേഷമായിരിക്കും അന്വേഷണ സംഘത്തിന്റെ തുടര്‍ നടപടികള്‍.

വൈദ്യപരിശോധന നടത്തിയ ഡോക്ടറും പീഡനം സ്ഥിരീകരിച്ചതോടെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘംനീക്കം ആരംഭിച്ചത്. ജില്ലാ പൊലീസ് മേധാവിക്ക് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയ ശേഷം അന്വേഷണ സംഘം ജലന്തറിലേക്ക് തിരിക്കും. ബിഷപ്പ് കന്യാസ്ത്രീയെ ഫോണില്‍ വിളിച്ചും ശല്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന്റെ തെളിവുകള്‍ ഉള്‍പ്പെടുന്ന കന്യാസ്ത്രീയുടെ ഫോണ്‍ ജലന്തറില്‍വെച്ച് നഷ്ടമായി. ഇത് കണ്ടെത്താനും നടപടികള്‍ ഊര്‍ജിതമാക്കി.

കുറവിലങ്ങാട് നാടുകുന്നിലെ മഠത്തില്‍വെച്ച് ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പീഡനം നടന്നുവെന്ന് സ്ഥിരീകരിക്കുകയാണ് അന്വേഷണ സംഘം.2014നും 16നും ഇടയില്‍ കന്യാസ്ത്രീ പീഡനത്തിനിരയായ 13 ദിവസങ്ങളിലും ബിഷപ്പ് മഠത്തില്‍ താമസിച്ചതായി സന്ദര്‍ശക രജിസ്റ്ററില്‍ നിന്ന് വ്യക്തമായി. ഈ കാലയളവില്‍ പരാതിക്കാരിയോടൊപ്പം മഠത്തിലുണ്ടായിരുന്ന കന്യാസ്ത്രീകളുടെ മൊഴിയും നിര്‍ണായകമായി.

കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലും പീഡനം നടന്ന വിവരം കന്യാസ്ത്രീ ആവര്‍ത്തിച്ചിരുന്നു. പൊലീസിനു നല്‍കിയ പരാതി 150 പേജുള്ള രഹസ്യമൊഴിയിലും ആവര്‍ത്തിച്ചുവെന്നാണ് സൂചന. അതേസമയം കന്യാസ്തീക്കെതിരെയും ബന്ധുക്കള്‍ക്കെതിരെയും ബിഷപ്പ് നല്‍കിയ പരാതി വ്യാജമാണെന്ന് അന്വേഷണ സംഘത്തിന്റെ പരിശോധനയില്‍ വ്യക്തമായി. കാര്യമായ സമ്മര്‍ദങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ഈ ആഴ്ചതന്നെ ജലന്തര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

DONT MISS
Top