ജയിലില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ സന്ദര്‍ശിച്ച കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിന്റെ പ്രവൃത്തി അംഗീകരിക്കാനാകില്ലെന്ന് നിതീഷ് കുമാര്‍

നിതീഷ് കുമാര്‍

പട്‌ന: നവാഡ ജയിലില്‍ കഴിയുന്ന ഭജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ സന്ദര്‍ശിച്ച കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിന്റെ പ്രവൃത്തി അംഗീകരിക്കാനാകില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സംസ്ഥാനത്തെ സാമുദായിക ഐക്യം തകര്‍ക്കുന്ന തരത്തിലുള്ള ഒരു നീക്കവും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവാഡയില്‍ നിന്ന് ലോക്‌സഭയിലെത്തിയ ഗിരിരാജ് സിംഗ് ശനിയാഴ്ചയായിരുന്നു ജയിലിലെത്തി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ കണ്ടത്. ഹിന്ദുക്കളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ അറസ്റ്റെന്നായിരുന്നു പ്രതികളിലൊരാളുടെ വീട് സന്ദര്‍ശിച്ച ശേഷം കേന്ദ്രമന്ത്രിയുടെ പ്രതികരണം.

ആള്‍ക്കൂട്ട കൊലപാതക കേസില്‍ ജാമ്യം ലഭിച്ച പ്രതികളെ മാലയിട്ട് സ്വീകരിച്ച കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയുടെ പ്രവൃത്തി വിവാദമായതിന് പിന്നാലെയാണ് ഗിരിരാജ് സിംഗിന്റെ ജയില്‍ സന്ദര്‍ശനം. ജയിലിലുള്ള ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരില്‍ കഴിഞ്ഞ വര്‍ഷം നവാഡയിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടവരും ഉള്‍പ്പെടുന്നുണ്ട്.ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി നിതീഷ് കുമാര്‍ രംഗത്തെത്തിയത്.

‘ഇത് അംഗീകരിക്കാനാകില്ല. എല്ലാത്തിനേയും കുറിച്ച് ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായങ്ങള്‍ ഉണ്ടാകും അത് ശരിയായ സ്ഥലത്ത് പ്രകടിപ്പിക്കണം. എന്നാല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജയിലിനകത്താക്കിയ ഒരാളെ പരസ്യമായി പിന്തുണയ്ക്കുന്നത് ശരിയല്ല. അവരെ അറസ്റ്റ് ചെയ്തത് തെറ്റാണെന്ന ബോധ്യമുണ്ടെങ്കില്‍ അതിനെതിരെ കോടതിയെ സമീപിക്കാം,’ നിതീഷ് കുമാര്‍ വ്യക്തമാക്കി.

DONT MISS
Top