എട്ട് കുട്ടികളെ പുറത്തെത്തിച്ചു, ഇനി പരിശീലകനും നാല് കുട്ടികളും

ബാങ്കോക്ക്: തായ്‌ലന്റില്‍ താം ലുവാങ് ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട ഫുട്‌ബോള്‍ സംഘത്തിലെ നാല് കുട്ടികളെ കൂടി രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. ഇതോടെ രക്ഷപെടുത്തിയ കുട്ടികളുടെ എണ്ണം എട്ടായി. കഴിഞ്ഞ ദിവസം നാലുകുട്ടികളെ രക്ഷപെടുത്തിയിരുന്നു. ഇനി നാല് കുട്ടികളെയും പരിശീലകനെയുമാണ് പുറത്തെത്തിക്കാനുള്ളത്.


രക്ഷപെടുത്തിയ കുട്ടികളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രക്ഷപെടുത്തിയ കുട്ടികളും ആശുപത്രിയിലാണ്.പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ടെങ്കിലും അത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ നരോങ്‌സാക്ക് വ്യക്തമാക്കി.

ഇന്ന് രാവിലെ പ്രാദേശിക സമയം 11 മണിയോടെ (ഇന്ത്യന്‍ സമയം എട്ടര)യാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ പ്രതികൂല കാലാവസ്ഥ തിരിച്ചടിയായി. കനത്ത മഴ തുടക്കത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. വരും ദിവസങ്ങളില്‍ പ്രദേശത്ത് കനത്ത മഴ ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനാല്‍ എത്രയും വേഗം എല്ലാവരെയും ഗുഹയ്ക്ക് പുറത്ത് എത്തിക്കാനാണ് ദൗത്യസംഘത്തിന്റെ ശ്രമം.


അവശേഷിക്കുന്ന ഏഴ് പേരെ വെളിയില്‍ എത്തിക്കുന്നതിന് കുറഞ്ഞത് 20 മണിക്കൂറെങ്കിലും വേണമെന്നാണ് കണക്കാക്കുന്നത്. ഇവരില്‍ നാലുപേരെക്കൂടി ചേംബര്‍-3 എന്നറിയപ്പെടുന്നസുരക്ഷിത സ്ഥാനത്ത് എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. അവിടെ നിന്ന് ഇനി രണ്ട് കിലോമീറ്റര്‍ മാത്രമാണ് ഇവര്‍ക്ക് താണ്ടാനുള്ളത്.

ഇന്നലെ രാത്രി പത്ത് മണിയോടെ ആദ്യഘട്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. ഗുഹയ്ക്കുള്ളില്‍ ഓക്‌സിജന്‍ സിലണ്ടറുകള്‍ സ്ഥാപിക്കുന്നതിന് വേണ്ടിയിട്ടായിരുന്നു രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചത്.

DONT MISS
Top