പ്രളയം; ജപ്പാനില്‍ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു

ടോക്കിയോ: ജപ്പാനില്‍ നാല് ദിവസമായി പെയ്യുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 100 കവിഞ്ഞതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.

കനത്ത കാറ്റിലും മഴയിലും നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് ജങ്ങളോട് സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. സമീപകാലത്ത് വച്ച് റെക്കോഡ് മഴയാണ് ജപ്പാനില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

പ്രളയത്തെ തുടര്‍ന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ ബല്‍ജിയം, ഫ്രാന്‍സ്, സൗദി അറേബ്യ, ഈജിപ്ത് പര്യടനങ്ങള്‍ റദ്ദാക്കി. സാധ്യമായ എല്ലാ സേനയേയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നിരവധി പേരെ കാണാതായിട്ടുണ്ടെന്നും കുറേ ആളുകള്‍ പ്രളയത്തില്‍ ഒറ്റപ്പെട്ടു പോയിരിക്കുകയാണെന്നും ആബേ കൂട്ടിച്ചേര്‍ത്തു.

അതേസമയം മഴക്കെടുതി രൂക്ഷമായ ഹിരോഷിമ, ഒകയാമ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. മണ്ണ് മൂടിക്കിടക്കുന്നത് രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ചളിയില്‍ പൂഴ്ന്ന് കിടക്കുകയാണ്. അടുത്ത ദിവസങ്ങളില്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

DONT MISS
Top