ഹിറ്റ്മാന്റെ സെഞ്ച്വറി ഹിറ്റ്, പരമ്പര വിജയത്തോടെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് തുടക്കം

ബ്രിസ്റ്റോള്‍: ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് ശുഭകരമായ തുടക്കം. കുട്ടിക്രിക്കറ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യ ഇംഗ്ലണ്ടിന് കടുത്ത വെല്ലുവിളിയാകുമെന്ന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. നിര്‍ണായകമായ മൂന്നാം ട്വന്റി20യില്‍ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 199 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 18.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി.

ഉജ്ജ്വല സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ഓപ്പണര്‍ രോഹിത് ശര്‍മ (100) യുടെ മികവിലായിരുന്നു ഇന്ത്യയുടെ വിജയവും പരമ്പര നേട്ടവും. നേരത്ത ആദ്യ ട്വന്റി20യില്‍ ഇന്ത്യ എട്ട് വിക്കറ്റിന്റെ വിജയം നേടിയപ്പോള്‍ രണ്ടാം മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ജയിച്ച് ഇംഗ്ലണ്ട് തിരിച്ചടിച്ചു.

ടോസ് ലഭിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ബൗളിംഗ് തെരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ആദ്യം ബാറ്റിംഗിന് ഇറങ്ങേണ്ടി വന്നെങ്കിലും ഇംഗ്ലണ്ട് മോശമാക്കിയില്ല. നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റിന് 198 എന്ന മാന്യമായ സ്‌കോറാണ് ആതിഥേയര്‍ കുറിച്ചത്. ആദ്യ മത്സരത്തിലെ പോലെ ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. എട്ടോവറില്‍ 94 റണ്‍സാണ് ജേസണ്‍ റോയിയും (67) ബട്ട്‌ലറും (34) അടിച്ചെടുത്തത്. എന്നാല്‍ പിന്നീട് വന്നവര്‍ പരാജയപ്പെട്ടപ്പോള്‍ സ്‌കോറിംഗിന് വേഗത കുറഞ്ഞു. അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞപ്പോള്‍ 200 മേല്‍ കടക്കേണ്ടിയിരുന്ന സ്‌കോര്‍ 198 ല്‍ അവസാനിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ഹാര്‍ദി പാണ്ഡ്യെ 38 റണ്‍സിന് നാലുവിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ തുടക്കത്തിലെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റില്‍ രോഹിതും കോഹ്‌ലിയും ചേര്‍ന്ന് പട നയിച്ചപ്പോള്‍ അനായാസ വിജയത്തിലേക്ക് നീങ്ങി. ശര്‍മ 56 പന്തിലാണ് മൂന്നക്കം തികച്ചത്. 11 ഫോറുകളും അഞ്ച് സിക്‌സറുകളും ഉള്‍പ്പെട്ടതായിരുന്നു രോഹിതിന്റെ ശകതം. കുട്ടിക്രിക്കറ്റില്‍ രോഹിതിന്റെ മൂന്നാം സെഞ്ച്വറിയാണിത്. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് രോഹിത്. കോഹ്‌ലി 29 പന്തില്‍ 43 റണ്‍സെടുത്തത്. അവസാന ഓവറുകളില്‍ കത്തിക്കയറിയ ഹാര്‍ദിക് പാണ്ഡ്യെ 14 പന്തില്‍ 33 റണ്‍സുമായി പുറത്താകാതെ നിന്നു.

DONT MISS
Top