വസുന്ധര രാജയ്‌ക്കെതിരെ ഉപയോഗിച്ചത് പഴയ ദൃശ്യങ്ങള്‍; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി

നരേന്ദ്ര മോദിയും വസുന്ധര രാജയും

ദില്ലി: വസുന്ധര രാജയ്‌ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറത്തുവിട്ട വീഡിയോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. ശനിയാഴ്ച ജയ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജയ്‌ക്കെതിരെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങളായിരുന്നു കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടത്. എന്നാല്‍ പ്രസ്തുത വീഡിയോ അഞ്ച് മാസം മുന്‍പ് ഉള്ളതാണെന്നാണ് ബിജെപി ആരോപിക്കുന്നത്.

കോണ്‍ഗ്രസ് ഇത്തവണയും സെള്‍ഫ് ഗോള്‍ അടിച്ചിരിക്കുകയാണ്. അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന റാലിയിലെ ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് പങ്കുവച്ചിരിക്കുന്നതെന്ന്  ബിജെപിയുടെ ഐടി ഇന്‍ ചാര്‍ജ് അമിത് മാളവ്യ ട്വീറ്റ് ചെയ്തു.

തങ്ങള്‍ക്ക് തെറ്റ് പറ്റി എന്ന് മനസിലായ കോണ്‍ഗ്രസ് ഉടന്‍ തന്നെ അമിത് മാളവ്യക്ക് മറുപടിയുമായി രംഗത്തെത്തി. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഇന്‍ ചാര്‍ജ് ദിവ്യ സ്പന്ദനയാണ് ബിജെപിക്ക് മറുപടി നല്‍കിയത്. ഞങ്ങള്‍ക്ക് തെറ്റ് പറ്റിയിരിക്കുന്നു. എന്നാല്‍ പുറത്തുവിട്ട വീഡിയോ സത്യമാണ്. താങ്കള്‍ അത് അംഗീകരിക്കാന്‍ തയ്യാറുണ്ടോ എന്നും അവര്‍ അമിത് മാളവ്യയോട് ചോദിച്ചു.

കോണ്‍ഗ്രസ് ട്വീറ്റ് ചെയ്ത് വീഡിയോ മിക്ക പ്രവര്‍ത്തകരും ഷെയര്‍ ചെയ്യുകയും ബിജെപിക്കെതിരെയുള്ള ആയുധമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രചരിച്ച വീഡിയോ തെറ്റാണെന്ന് മനസിലായതോടെ ദിവ്യ സ്പന്ദന മാപ്പ് പറഞ്ഞു. പ്രസ്തുത വീഡിയോ മാര്‍ച്ചില്‍ ഉള്ളതാണെന്നും ഇന്നലത്തേത് അല്ലെന്നും അവര്‍ പറഞ്ഞു.

DONT MISS
Top