സീരിയലില്‍ നിഷ തുടരുമെന്ന് ചാനല്‍, സംവിധായകനെ മാറ്റാതെ അഭിനയിക്കില്ലെന്ന് നിഷ

കൊച്ചി: തന്നെ സീരിയലില്‍ നിന്നും മുന്നറിയിപ്പില്ലാതെ ഒഴിവാക്കിയെന്ന നടി നിഷയുടെ ആരോപണത്തില്‍ പ്രതികരണവുമായി ഫ്ലവേഴ്‌സ് ചാനല്‍ രംഗത്ത്. സീരിയലില്‍ നിന്ന് നിഷയെ മാറ്റിയിട്ടില്ലെന്ന് ചാനല്‍ മാനേജ്‌മെന്റ് വ്യക്തമാക്കി. സീരിയലിലെ നീലു എന്ന കഥാപാത്രത്തെ തുടര്‍ന്നും നിഷ തന്നെ അവതരിപ്പിക്കുമെന്ന് ചാനല്‍ പറഞ്ഞു. നിഷയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ചാനല്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ സംവിധായകെ മാറ്റാതെ സീരിയലില്‍ അഭിനയിക്കില്ലെന്ന നിലപാട് നിഷ ആവര്‍ത്തിച്ചു.

നിഷയെ സീരിയലില്‍ നിന്നും മാറ്റിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഫ്ലവേഴ്‌സ് ചാനല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.

വിശദീകരണം ഇങ്ങനെ:

‘നിഷ സാരംഗ് ‘നീലു’വായി ഉപ്പും മുളകില്‍ തുടരും. മറിച്ചുണ്ടായ പ്രചരണങ്ങള്‍ സത്യസന്ധമല്ല’

പ്രശസ്ത ചലച്ചിത്ര ടിവി താരം നിഷ സാരംഗിനെ ഉപ്പും മുളകും പരമ്പരയില്‍ നിന്ന് മാറ്റിയെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സത്യമല്ലെന്ന് ഫ്‌ളവേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു. അറനൂറ്റി അമ്പതോളം എപ്പിസോഡുകള്‍ പിന്നിട്ട ഉപ്പും മുളകും പരമ്പരയിലെ ‘നീലു’വെന്ന കഥാപാത്രത്തെ നിഷ സാരംഗ് തന്നെ തുടര്‍ന്നും അവതരിപ്പിക്കും. നിഷ സാരംഗുമായി ചാനല്‍ മാനേജ്‌മെന്റ് ഇന്ന് രാവിലെ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചക്കൊടുവിലാണ് വരും ദിവസങ്ങളില്‍ ഉപ്പും മുളകും പരമ്പരയുടെ ചിത്രീകരണം കൊച്ചിയില്‍ തുടരാന്‍ തീരുമാനിച്ചത്.

എന്നാല്‍ സംവിധായകനെ മാറ്റാതെ സീരിയലില്‍ തുടര്‍ന്ന് അഭിനയിക്കില്ലെന്ന് നിഷ പ്രതികരിച്ചു. കഴിഞ്ഞ രണ്ടര വര്‍ഷമായി സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണന്‍ തന്നെ ശാരീരകവും മാനസികവുമായും പീഡിപ്പിക്കുകയാണെന്ന് നിഷ വെളിപ്പെടുത്തിയിരുന്നു. അടുത്തിടെ ചാനല്‍ എംഡിയുടെ അനുവാദത്തോടെ അമേരിക്കയില്‍ ഒരു പരിപാടിക്കായി പോയിരുന്നെന്നും എന്നാല്‍ തിരിച്ച് വന്നതിന് ശേഷം തന്നെ സീരിയലില്‍ അഭിനയിക്കുന്നതിന് വിളിച്ചിട്ടില്ലെന്നും നിഷ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടാണ് നിഷ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

തൊഴിലിടത്തില്‍ താന്‍ നേരിടുന്ന മാനസിക സമ്മര്‍ദ്ദവും മറ്റും പൊട്ടിക്കരഞ്ഞുകൊണ്ടാണ് നിഷ വെളിപ്പെടുത്തിയത്. സംഭവം പുറത്തുവന്നതോടെ പ്രേക്ഷകര്‍ ഒന്നടങ്കം നടിക്ക് പിന്തുണയുമായി രംഗത്തെത്തി. നിഷ ഇല്ലെങ്കില്‍ തങ്ങള്‍ ആ സീരിയല്‍ കാണില്ലെന്നാണ് ഭൂരിപക്ഷം പേരുടെയും നിലപാട്. സ്ത്രീകളോട് മോശമായി പെരുമാറുന്ന സംവിധായകനെ ഒഴിവാക്കണമെന്നും പലരും ആവശ്യപ്പെട്ടു. തങ്ങളെ എല്ലാ ദിവസവും പൊട്ടിച്ചിരിപ്പിച്ച നടിയുടെ ദുഖങ്ങള്‍ സ്വന്തം വേദനയെന്ന പോലെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്.

അതേസമയം, വിഷയത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടു. സംവിധായകനെതിരെ സ്വമേധയാ കേസ് എടുക്കാന്‍ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ നിര്‍ദേശം നല്‍കി. സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി) നിഷയ്ക്ക് പിന്തുണയുമായി രംഗത്തെത്തി.

DONT MISS
Top