മഴക്കെടുതിയില്‍ വിറങ്ങലിച്ച് ജപ്പാന്‍: മരണസംഖ്യ 70 കടന്നു

ടോക്കിയോ: ജപ്പാനില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 70 കടന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നിരവധി പേരെ കാണാതായിട്ടുണ്ട്.

ജനവാസ പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. തുടര്‍ച്ചയായുണ്ടാകുന്ന മണ്ണിടിച്ചിലില്‍ ഗതാഗതം താറുമാറായി. ലക്ഷക്കണക്കിന് വരുന്ന ജനങ്ങളോട് സുരക്ഷിത മേഖലകളിലേക്ക് മാറാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദുരന്ത നിവാരണ സേന, പൊലീസ്, അഗ്നിശമന സേന തുടങ്ങി എല്ലാ മേഖലകളില്‍ നിന്നുമുള്ള സേവനങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചു.

അതേസമയം 76 പേര്‍ മരണപ്പട്ടുവെന്നും 92 പേരെ കാണാതായിട്ടുണ്ടെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹിരോഷിമ, ഒസാക്ക, ഒകയാമ മേഖലകളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായിരിക്കുന്നത്. കാണാതായവരില്‍ ഭൂരിഭാഗം പേരും ഹിരോഷിമയില്‍ നിന്നുള്ളവരാണെന്നാണ് ലഭിക്കുന്ന വിവരം.

രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം ടോക്കിയോയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചവരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി. കനത്ത ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

DONT MISS
Top