ക്വാര്‍ട്ടറില്‍ റഷ്യയെ വീഴ്ത്തി ക്രൊയേഷ്യ, സെമിയില്‍ എതിരാളി ഇംഗ്ലണ്ട്

മോസ്‌കോ: റഷ്യന്‍ ലോകകപ്പിന്റെ സെമിഫൈനല്‍ ലൈനപ്പായി. അവസാന ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ഇംഗ്ലണ്ട് സ്വീഡനെയും ക്രൊയേഷ്യ ആതിഥേയരായ റഷ്യയെയും തോല്‍പ്പിച്ചു. ജൂലൈ 10 ന് നടക്കുന്ന ആദ്യ സെമിയില്‍ ഫ്രാന്‍സ് ബെല്‍ജിയത്തെ നേരിടും. ജൂണ്‍ 11 നാണ് ക്രൊയേഷ്യ-ഇംഗ്ലണ്ട് സെമി.

ആതിഥേയരെ ഷൂട്ടൗട്ടില്‍ മറികടന്നാണ് ക്രൊയേഷ്യ സെമിഫൈനലിലേക്ക് മുന്നേറിയത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഇത് രണ്ടാം തവണമാത്രമാണ് ക്രൊയേഷ്യ സെമിഫൈനലിലെത്തുന്നത്. നേരത്തെ 1998 ലായിരുന്നു ക്രൊയേഷ്യ അവസാന നാലിലെത്തിയത്.

നിശ്ചിതസമയത്ത് 1-1 നും അധികസമയത്ത് 2-2 നും സമനില പാലിച്ചതിനെ തുടര്‍ന്നാണ് റഷ്യ-ക്രൊയേഷ്യ ക്വാര്‍ട്ടര്‍ ഷൂട്ടൗട്ടിലേക്ക് കടന്നത്. ഷൂട്ടൗട്ടില്‍ റഷ്യ രണ്ട് ഷോട്ടുകള്‍ പാഴാക്കിയപ്പോള്‍ ക്രൊയേഷ്യ ഒരെണ്ണം പാഴാക്കി. സ്‌മോളോവിന്റെ ഷോട്ട് ക്രൊയേഷ്യന്‍ ഗോള്‍ കീപ്പര്‍ സുബാസിഷ് തടുത്തിട്ടപ്പോള്‍ ഫെര്‍ണാണ്ടസ് ഷോട്ട് പുറത്തേക്ക് അടിച്ചുകളഞ്ഞു. ക്രൊയേഷ്യന്‍ നിരയില്‍ രണ്ടാം കിക്കെടുത്ത കൊവോസിച്ചിന്റെ ഷോട്ട് റഷ്യന്‍ ഗോള്‍ കീപ്പര്‍ തടുത്തിട്ടു.

നിശ്ചിതസമയത്ത് ക്രൊയേഷ്യയെ ശരിക്കും വിറപ്പിച്ചാണ് റഷ്യ ഷൂട്ടൗട്ടിലേക്ക് മത്സരം നീട്ടിയ്. മത്സരത്തിന്റെ മുപ്പത്തിയൊന്നാം മിനിട്ടില്‍ ചെറിഷേവിന്റെ മനോഹര ഗോളിലൂടെ റഷ്യ മുന്നിലെത്തി. എന്നാല്‍ ആഹ്ലാദം അധികം നീണ്ടില്ല. മുപ്പത്തിയൊന്‍പതാം മിനിട്ടില്‍ ക്രമാറിച്ചിലൂടെ ക്രൊയേഷ്യ സമനില പിടിച്ചു. രണ്ടാം പകുതിയില്‍ ഗോളൊന്നും പിറന്നില്ല. തുടര്‍ന്ന് കളി അധികസമയത്തേക്ക് നീണ്ടു. അധികസമയത്തിന്റെ ആറാം മിനിട്ടില്‍ വിദയുടെ ഗോളിലൂടെ ക്രൊയേഷ്യ മത്സരത്തില്‍ ആദ്യമായി മുന്നിലെത്തി. മത്സരം തീരാന്‍ അഞ്ച് മിനിട്ട് ശേഷിക്ക ഫെര്‍ണാണ്ടസിലൂടെ തിരിച്ചടിച്ചാണ് റഷ്യ സമനില നേടിയത്. എന്നാല്‍ ഷൂട്ടൗട്ടില്‍ മത്സരം റഷ്യയെ കൈവിടുകയായിരുന്നു.

ആദ്യം നടന്ന ക്വാര്‍ട്ടറില്‍ സ്വീഡനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇംഗ്ലണ്ട് സെമി ബെര്‍ത്ത് സ്വന്തമാക്കിയത്. മത്സരത്തിന്റെ മുപ്പതാം മിനിട്ടില്‍ മഗൗറെ, അന്‍പത്തിയൊന്‍പതാം മിനിട്ടില്‍ ഡെലെ എന്നിവരാണ് ഇംഗ്ലണ്ടിനായി ഗോളുകള്‍ നേടിയത്. ടൂര്‍ണമെന്റില്‍ ഇതുവരെ പ്രകടിപ്പിച്ച മികവ് ഇരുടീമുകള്‍ക്കും പുറത്തെടുക്കാനായില്ല. അതോടെ കിട്ടിയ അവസരങ്ങള്‍ മുതലാക്കിയ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കുകയായിരുന്നു.

DONT MISS
Top