അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ വീഡിയോ ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടു. റസ്റ്റോറന്റില്‍ വച്ച് ശരതിനെ വെടിവച്ച് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങളാണ് കന്‍സാസ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്.

ഹൈദരാബാദ് സ്വദേശി ശരത്ത് കൊപ്പു(26)വിനെയാണ് കന്‍സാസ് സിറ്റിയിലെ റസ്റ്റോറന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മിസൗറി സര്‍വകലാശാല വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട ശരത്. കന്‍സാസിലെ റസ്റ്റോറന്റില്‍ ജോലി ചെയ്ത് വരികയായിരുന്നു. മോഷണശ്രമത്തിനിടെ ആക്രമികള്‍ കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഹൈദരാബാദില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ ആയിരുന്ന ശരത് കഴിഞ്ഞ വര്‍ഷമാണ് ഉപരിപഠനത്തിനായി യുഎസിലേക്ക് പോയത്.

ശരതിന്റെ കൊലപാതകിയെ കണ്ടെത്തുന്നവര്‍ക്ക് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പതിനായിരം ഡോളറാണ് (6,87,650 രൂപ) പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്.

DONT MISS
Top