”അഭിമാനിയായ ഒരു കലാകാരി ഇങ്ങനെ പൊട്ടിക്കരയണമെങ്കില്‍ അതിലെന്തോ കാര്യമുണ്ടെന്ന് മനസ്സു പറയുന്നു”; നിഷ സാരംഗിന് പിന്തുണയുമായി ശാരദക്കുട്ടി

കൊച്ചി: സീരിയല്‍ രംഗത്തെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയ നടി നിഷ സാരംഗിന് പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടി. അഭിമാനിയായ ഒരു കലാകാരി ഇങ്ങനെ പൊട്ടിക്കരയണമെങ്കില്‍ അതിലെന്തോ കാര്യമുണ്ടെന്ന് ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലാണ് ഉപ്പും മുളകും സീരിയല്‍ സംവിധായകനില്‍ നിന്നേല്‍ക്കേണ്ടി വന്ന മാനസിക പീഡനത്തെക്കുറിച്ച് നിഷ തുറന്നുപറഞ്ഞത്.

തൊഴില്‍ മേഖലയിലെ അധികാര പ്രമത്തതയെ കുറിച്ചാണ് താരം വ്യക്തമാക്കിയതെന്നും മകളുടെ കല്യാണ സമയത്തും, പ്രസവ സമയത്തുപോലും അവധിയെടുക്കാതെ പണിയെടുക്കേണ്ടി വന്ന സാഹചര്യം വിശ്വസനീയമായാണ് നിഷ പറഞ്ഞതെന്നും അവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും ശാരദക്കുട്ടി കൂട്ടിച്ചേര്‍ത്തു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

എല്ലാ ദിവസവും എട്ട് മണിക്ക് നീലു വന്നു ചിരിപ്പിക്കാറുണ്ട്. ഉപ്പും മുളകും സീരിയലില്‍ ഇനി നീലു ഇല്ല. അവരെ ഒഴിവാക്കിയിരിക്കുന്നു. നീലു ഇല്ലെങ്കില്‍ പിന്നെ അതിന്റെ ശീര്‍ഷകം തന്നെ മാറ്റേണ്ടി വരും. നിഷാ സാരംഗ് കരയുകയാണ്. മകളുടെ കല്യാണ സമയത്തും പ്രസവ സമയത്തും പോലും അവധിയെടുക്കാതെ പണിയെടുക്കേണ്ടി വന്ന സാഹചര്യം വിശ്വസനീയമായാണ് അവര്‍ പറഞ്ഞത്. തൊഴില്‍ മേഖലയിലെ അധികാര പ്രമത്തതയെക്കുറിച്ചാണ് പറഞ്ഞത്. കേട്ടിടത്തോളം നിഷാ സാരംഗിനെ വിശ്വസിക്കാനാണ് തോന്നുന്നത്. അഭിമാനിയായ ഒരു കലാകാരി ഇങ്ങനെ തകര്‍ന്നു പൊട്ടിക്കരയണമെങ്കില്‍ അതിലെന്തോ കാര്യമുണ്ടെന്ന് മനസ്സു പറയുന്നു. അവര്‍ക്കൊപ്പം നില്‍ക്കുന്നു, ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

DONT MISS
Top