മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംഎം ജേക്കബ് അന്തരിച്ചു

കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംഎം ജേക്കബ് (90) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്നുതവണ കേന്ദ്രസഹമന്ത്രിയായിരുന്ന അദ്ദേഹം 1995 മുതല്‍ 2007 വരെ മേഘാലയ ഗവര്‍ണര്‍ പദവി വഹിച്ചു. 1982ലും 1988ലും രാജ്യസഭാംഗമായിരുന്ന എംഎം ജേക്കബ് 1986ല്‍ രാജ്യസഭാ ഉപാധ്യക്ഷനായി. രാജ്യസഭാ ഉപാധ്യക്ഷനാകുന്ന ആദ്യ മലയാളിയാണ് എംഎം ജേക്കബ്.  സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2 മണിക്ക് പാല രാമപുരം സെന്റ്. അഗസ്റ്റിൻസ് ഫെറോന പള്ളിയിൽ നടക്കും.

നെഹ്‌റുവിനൊപ്പം രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ ജേക്കബ് ഇന്ദിരാഗാന്ധിയുടെയും വിശ്വസ്തനായിരുന്നു. 1978 ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ഇന്ദിരക്കൊപ്പം അടിയുറച്ചു നിന്ന ജേക്കബ് കെ കരുണാകരനൊപ്പം കേരളത്തില്‍ ഐ ഗ്രൂപ്പിന്റെ പ്രധാന നേതാക്കളിലൊരാളായിരുന്നു. പാലാ നിയമസഭാ മണ്ഡലത്തില്‍ രണ്ടു തവണ(1970,80) കെഎം മാണിയോടു മല്‍സരിച്ചതൊഴിച്ചാല്‍ ജേക്കബ് പിന്നീട് ലോക്‌സഭയിലോ നിയമസഭയിലോ മല്‍സരരംഗത്തുണ്ടായിരുന്നില്ല. 1970 ല്‍ കടുത്ത മല്‍സരത്തിനൊടുവില്‍ 364 വോട്ടുകള്‍ക്കാണ് ജേക്കബ് മാണിയോടു പരാജയപ്പെട്ടത്.

രാജീവ് ഗാന്ധി മന്ത്രിസഭയില്‍ പാര്‍ലമെന്ററികാര്യ സഹമന്ത്രി, നരസിംഹറാവു മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രി എന്നീ നിലകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ജേക്കബ് 1986ല്‍ ഏതാനും മാസം രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാനുമായിരുന്നു. ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയാണ് ജേക്കബ്. രാജ്യസഭയില്‍ ചീഫ് വിപ്പായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പന്ത്രണ്ടു വര്‍ഷത്തോളം നീണ്ട സേവനത്തിനു ശേഷം 2007 ലാണ് ജേക്കബ് മേഘലയാ ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം ഗവര്‍ണര്‍ പദവിയിലിരുന്ന വ്യക്തി എന്ന ബഹുമതി ജേക്കബിന് സ്വന്തമാണ്. ഗവര്‍ണര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് ഭരണകാലത്താണ് ജേക്കബ് നിയമിതനായതെങ്കിലും പിന്നീട് കേന്ദ്രം ഭരിച്ച എന്‍ഡിഎ സര്‍ക്കാര്‍ 2000 ല്‍ ജേക്കബിന്റെ കാലാവധി നീട്ടി നല്‍കുകയായിരുന്നു.

പാലായ്ക്കടുത്തു രാമപുരത്ത് 1928ല്‍ ഉലഹന്നാന്‍ മാത്യുവിന്റെയും റോസമ്മയുടെയും മകനായി ജനിച്ച മുണ്ടക്കല്‍ മാത്യു ജേക്കബ് എന്ന എംഎം ജേക്കബ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്, തേവര സേക്രഡ് ഹാര്‍ട്ട്, മദ്രാസ് ലയോള കോളജ്, മദ്രാസ്, ലക്‌നൗ സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍നിന്നു വിദ്യാഭ്യാസം നേടി. 1953ല്‍ കോട്ടയത്ത് അഭിഭാഷക ജീവിതത്തിനു തുടക്കമിട്ടു. കെപിസിസി (ഐ) ജനറല്‍ സെക്രട്ടറി, ട്രഷറര്‍, എഐസിസി അംഗം, ഭാരത് സേവക് സമാജ് അഖിലേന്ത്യാ വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ പ്രസിഡന്റായും പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം കോട്ടണ്‍ ഹില്‍ ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആയിരുന്ന പരേതയായ അച്ചാമ്മയാണു ഭാര്യ.

DONT MISS
Top