ബിന്ദു പത്മനാഭന്റെ തിരോധാനം: മുഖ്യപ്രതി അറസ്റ്റില്‍, കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ വ്യാജരേഖയിലൂടെ സ്വന്തമാക്കിയ ശേഷം ബിന്ദുവിനെ കൊലപ്പെടുത്തിയതെന്ന് സംശയം

ആലപ്പുഴ: ചേര്‍ത്തല സ്വദേശിയായ ബിന്ദു പത്മനാഭന്റെ തിരോധാനം സംബന്ധിച്ച കേസില്‍ ഒന്നാം പ്രതി പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്‍ അറസ്റ്റില്‍. കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ വ്യാജരേഖ ചമച്ച് സെബാസ്റ്റ്യനും സംഘവും തട്ടിയെടുത്ത ശേഷം ബിന്ദുവിനെ കൊലപ്പെടുത്തിയതാകാമെന്നാണ് പരാതി. ഒളിവിലായിരുന്ന സെബാസ്റ്റ്യന്‍ എറണാകുളത്ത് കീഴടങ്ങാന്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.

ചേര്‍ത്തല ആലുങ്കല്‍ സ്വദേശിയും എക്‌സൈസ് ഇന്‍സ്‌പെക്ടറുമായിരുന്ന പത്മനാഭപിള്ളയുടെയും അംബിക ദേവിയുടെയും മകളായ ബിന്ദു പത്മനാഭനെ കാണാതായ സംഭവത്തില്‍ അന്വേഷണത്തില്‍ വലിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. ഒളിവിലായിരുന്ന ഒന്നാം പ്രതി പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്‍ യുവതിയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ ആള്‍മാറാട്ടം നടത്തി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനെയും ബിന്ദുവാണെന്ന വ്യാജേന വ്യാജരേഖയില്‍ ഒപ്പ് വച്ച കുറുപ്പംകുളങ്ങര സ്വദേശിനി മിനിയെയും ഒന്നും രണ്ടും പ്രതികളാക്കിയാണ് കേസെടുത്തത്.

കാണാതായ ബിന്ദു

ബിന്ദുവിനെ കാണാനില്ലെങ്കിലും അവരുടെ പേരില്‍ വസ്തു ഇടപാടുകള്‍ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. 2013 ല്‍ സെബാസ്റ്റ്യന്റെ പേരില്‍ ബിന്ദു മുക്ത്യാര്‍ എഴുതിയതായി രേഖയുണ്ടാക്കി. ഇതില്‍ ഒട്ടിച്ചിരിക്കുന്ന ഫോട്ടോയും ഡ്രൈവിംഗ് ലൈസന്‍സ് നമ്പരും വ്യാജമാണ്. ഈ മുക്ത്യാര്‍ ഉപയോഗിച്ചാണ് സെബാസ്റ്റ്യന്‍ ഭൂമി വില്‍പ്പന നടത്തിയത്. ചേര്‍ത്തല, പട്ടണക്കാട്, അമ്പലപ്പുഴ, ഇടപ്പള്ളി ഓഫീസ്‌കളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വസ്തുക്കള്‍ പലര്‍ക്കായി വിറ്റെന്നും വ്യക്തമായി. സെബാസ്റ്റ്യനല്ലാതെ വര്‍ഷങ്ങളായി ബിന്ദുവിനെ ആരും കണ്ടിട്ടില്ല.

സ്വത്തുക്കള്‍ തട്ടിയെടുത്ത് ബിന്ദുവിനെ അപായപ്പെടുത്തിയിട്ടുണ്ടാകാമെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഒളിവിലായിരുന്ന സെബാസ്റ്റ്യന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ആലപ്പുഴ ജില്ലാ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതെത്തുടര്‍ന്ന് എറണാകുളത്ത് കീഴടങ്ങാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്. രണ്ടാം പ്രതി മിനി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. വസ്തുതട്ടിയെടുത്ത ശേഷം ബിന്ദുവിനെ കൊലപ്പെടുത്തിയിട്ടുണ്ടാകുമെന്ന് സഹോദരന്‍ പ്രവീണ്‍ കുമാര്‍ പട്ടണക്കാട് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. സെബാസ്റ്റ്യനെ ചോദ്യം ചെയ്യുന്നതോടെ ബിന്ദുവിന്റെ തിരോധാനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

DONT MISS
Top