നീറ്റ് പരീക്ഷാ നടത്തിപ്പ് പുതിയ ഏജന്‍സിക്ക്, വര്‍ഷത്തില്‍ രണ്ട് തവണ പരീക്ഷ

പ്രതീകാത്മക ചിത്രം

ദില്ലി: നീറ്റ് അടക്കമുള്ള ഉന്നത വിദ്യാഭ്യാസ യോഗ്യത പരീക്ഷകള്‍ നടത്താനുള്ള ദേശീയ പരീക്ഷ ഏജന്‍സി നിലവില്‍ വന്നു. നിലവില്‍ സിബിഎസ്ഇ നടത്തിയിരുന്ന പരീക്ഷകള്‍ പുതിയ ഏജന്‍സി വര്‍ഷത്തില്‍ രണ്ടു തവണ നടത്തും. കമ്പ്യൂട്ടറിലൂടെയാണ് എല്ലാ പരീക്ഷകളും നടത്തുക.

ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടാനുള്ള മത്സര പരീക്ഷകളുടെ നടത്തിപ്പിലാണ് കേന്ദ്രസര്‍ക്കാര്‍ സമൂലമായ ഉടച്ചുവാര്‍ക്കല്‍ നടത്തിയത്. പരീക്ഷ നടത്തിപ്പിനുള്ള ചുമതലയുമായാണ് ദേശീയ പരീക്ഷാ ഏജന്‍സി നിലവില്‍ വന്നത്. നീറ്റ്, നെറ്റ്, ജെഇഇ, സിമാറ്റ്, ജിപാറ്റ് പരീക്ഷകള്‍ ഏജന്‍സി നടത്തും. മെഡിക്കല്‍ ബിരുദ പ്രവേശനത്തിനായുള്ള നീറ്റ് പരീക്ഷയും എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ജെഇഇയും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടമാകാതിരിക്കാന്‍ വര്‍ഷത്തില്‍ രണ്ടു തവണ നടത്തും.

പൂര്‍ണ്ണമായും കമ്പ്യൂട്ടറിലൂടെ നടത്തുന്ന പരീക്ഷകള്‍ ഒബ്ജക്റ്റീവ് മാതൃകയിലായിരിക്കുമെന്ന് കേന്ദ്രമാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. പരീക്ഷ സെന്ററുകളിലെ കമ്പ്യൂട്ടറുകളില്‍ അതീവ സുരക്ഷിതത്വമുള്ള സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു. ഗ്രാമീണ മേഖലകളില്‍ സ്ഥാപിക്കുന്ന പരീക്ഷാ പരിശീലന കേന്ദ്രങ്ങള്‍ ഓഗസ്റ്റ് അവസാനം പ്രവര്‍ത്തനം തുടങ്ങും. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ഇവിടങ്ങളില്‍ കമ്പ്യൂട്ടര്‍ പരീക്ഷാ രീതി പരിശീലിക്കാം. ഡിസംബര്‍ രണ്ടുമുതല്‍ നെറ്റ് പരീക്ഷയും ജനുവരി ഏപ്രില്‍ മാസങ്ങളില്‍ ജെഇഇയും നടത്തും വിധമാണ് സമയക്രമം. ഫെബ്രവരി, മെയ് മാസങ്ങളില്‍ നീറ്റ് പരീക്ഷയും.

DONT MISS
Top