വിംബിള്‍ഡണ്‍: ഫെഡറര്‍, സെറീന പ്രീക്വാര്‍ട്ടറില്‍; മുഗുരസെ പുറത്ത്

ലണ്ടന്‍: വിംബിള്‍ഡണില്‍ നിലവിലെ ചാമ്പ്യന്‍ റോജര്‍ ഫെഡററും ഏഴുവട്ടം കിരീടം ചൂടിയ സെറീന വില്യംസും കുതിപ്പ് തുടരുന്നു. ഇരുവരും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അതേസമയം, സെറീനയുടെ സഹോദരി വീനസ് മൂന്നാം റൗണ്ടില്‍ പുറത്തായി. വനിതാ വിഭാഗത്തില്‍ നിലവിലെ ജേത്രി ഗര്‍ബിന്‍ മുഗുരസെ രണ്ടാം റൗണ്ടില്‍ മടങ്ങി.

ഒന്‍പതാം കിരീടം ലക്ഷ്യമിടുന്ന ഫെഡറര്‍ ജര്‍മനിയുടെ ജാന്‍ ലെന്നാര്‍ഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. സ്‌കോര്‍ 6-3, 7-5, 6-2. സെറീന ഫ്രാന്‍സിന്റെ ക്രിസ്റ്റീന മ്ലാഡിനോവികിനെ കടുത്ത പോരാട്ടത്തിലാണ് മറികടന്നത്. സ്‌കോര്‍ 7-5, 7-6(2). ഹോളണ്ടിന്റെ കിക്കി ബെര്‍റ്റന്‍സാണ് അഞ്ചുവട്ടം ചാമ്പ്യയായ വീനസിനെ മൂന്നാം റൗണ്ടില്‍ മടക്കിയത്. സ്‌കോര്‍ 6-2, 6-7(5), 8-6.

പുരുഷവിഭാഗത്തില്‍ മുന്‍ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ റഫേല്‍ നദാല്‍, നൊവാക് ദ്യോകോവിച് എന്നിവര്‍ മൂന്നാം റൗണ്ടിലെത്തിയിട്ടുണ്ട്. രണ്ടാം റൗണ്ടില്‍ കസാഖിസ്താന്റെ മിഖായേല്‍ കുക്കിഷ്‌കിനെയാണ് നദാല്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-4, 6-3, 6-4. ദ്യോകോവിച് അര്‍ജന്റീനയുടെ ഹൊറാസിയോ സെബല്ലോസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍ 6-1, 6-2, 6-3. ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണ്‍, ഫ്രാന്‍സിന്റെ ഗെയ്ല്‍ മോണ്‍ഫില്‍സ് എന്നിവരും പ്രീക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്.

നിലവിലെ ചാമ്പ്യ സ്‌പെയിന്റെ മുഗുരസയെ ബെല്‍ജിയത്തിന്റെ അലിസണ്‍ വാന്‍ ഉട്ട്‌വാങ്ക് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് അട്ടിമറിച്ചത്. സ്‌കോര്‍ 5-7, 6-2, 6-1. പത്താം സീഡ് മാഡിസണ്‍ കീസ് യോഗ്യതാ മത്സരം കളിച്ചെത്തിയ റഷ്യയുടെ എവ്‌ജെനിയ റോഡിനയോട് അടിയറവ് പറഞ്ഞു. സ്‌കോര്‍ 7-5, 5-7, 6-4.

DONT MISS
Top