ഉറുഗ്വെയ്ക്ക് പിന്നാലെ കാനറികളും പുറത്ത്: ഫ്രാന്‍സ്-ബെല്‍ജിയം സെമി

മോസ്‌കോ: റഷ്യന്‍ ലോകകപ്പിലെ വമ്പന്‍മാരുടെ വീഴ്ചയും അപ്രതീക്ഷിത ടീമുകളുടെ വാഴ്ചയും തുടരുന്നു. അഞ്ച് വട്ടം ചാമ്പ്യന്‍മാരായ ബ്രസീലും രണ്ട് തവണ കിരീടം ചൂടിയ ഉറുഗ്വെയും ക്വാര്‍ട്ടറില്‍ പുറത്തായി. ഇരുവരും ഒരേദിവസം പുറത്തായതോടെ റഷ്യന്‍ ലോകകപ്പിലെ ലാറ്റിനമേരിക്കന്‍ സാന്നിധ്യം അവസാനിച്ചു.

ഇന്നല ആദ്യം നടന്ന ക്വാര്‍ട്ടറില്‍ ഫ്രാന്‍സ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഉറുഗ്വെയെ തോല്‍പ്പിച്ചപ്പോള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബെല്‍ജിയം ബ്രസീലിനെ അട്ടിമറിച്ചത്. ജൂലൈ പത്തിന് നടക്കുന്ന സെമിയില്‍ ഫ്രാന്‍സ് ബെല്‍ജിയത്തെ നേരിടും.

നിഷ്‌നി സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി ഏഴരയ്ക്ക് നടന്ന മത്സരത്തില്‍ ഫ്രാന്‍സിനായി വരാനെ, അന്റോണിയോ ഗ്രിസ്മാന്‍ എന്നിവരാണ് സ്‌കോര്‍ ചെയ്തത്. മത്സരത്തിന്റെ നാല്‍പ്പതാം മിനിട്ടില്‍ മനോഹരമായ ഒരു ഹെഡ്ഡറിലൂടെയായിരുന്നു വരാനെയുടെ ഗോള്‍ പിറന്നത്. അറുപത്തിയൊന്നാം മിനിട്ടില്‍ ബോക്‌സിന് പുറത്തുനിന്ന് ഗ്രിസ്മാന്‍ തൊടുത്ത ബുള്ളറ്റ് ഷോട്ട് തടുക്കാന്‍ തക്ക ഉറുഗ്വെ ഗോളിയുടെ കരങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. ഉറുഗ്വെ ഈ ലോകകപ്പില്‍ ഗോള്‍ വഴങ്ങിയ ആദ്യമത്സരമായിരുന്നു ഇത്. അത് അവര്‍ തോല്‍ക്കുകയും ചെയ്തു.

ആറാം കിരീടമോഹവുമായി റഷ്യയിലെത്തിയ മഞ്ഞപ്പടകള്‍ക്ക് ഇത്തവണയും കണ്ണീരുമായി മടങ്ങാനായിരുന്നു വിധി. 2014 ല്‍ സ്വന്തം നാട്ടില്‍ ജര്‍മനിയോട് സെമിയില്‍ നാണം കെട്ട് മടങ്ങിയതിന്റെ മുറിവുണക്കാനായിരുന്നു ബ്രസീല്‍ റഷ്യയില്‍ വന്നത്. എന്നാല്‍ ഇവിടെ ക്വാര്‍ട്ടറില്‍ തോറ്റ് മുറിവിന്റെ ആഴം കൂട്ടി മടങ്ങേണ്ടി വന്നു കാനറികള്‍ക്ക്. യൂറോപ്യന്‍ ടീമായ ബെല്‍ജിയും മഞ്ഞക്കിളികളുടെ ചിറകരിഞ്ഞ് വീഴ്ത്തി. പതിമൂന്നാം മിനിട്ടില്‍ ഫെന്‍ണാന്റീനോ വഴങ്ങിയ സെല്‍ഫ് ഗോളും മുപ്പത്തിയൊന്നാം മിനിട്ടില്‍ ഡി ബ്രൂയിന്‍ നേടിയ മനോഹരമായ ഗോളുമാണ് ബെല്‍ജിയത്തിന് വിജയം നേടിക്കൊടുത്തത്. ബ്രസീലിന്റെ ആശ്വാസ ഗോള്‍ എഴുപത്തിയാറാം മിനിട്ടില്‍ റെനാറ്റോ അഗസ്‌റ്റോയുടെ വകയായിരുന്നു.

മികച്ച കളി പുറത്തെടുത്തിട്ടും നിര്‍ഭാഗ്യമാണ് ബ്രസീലിനെ വിജയത്തില്‍ നിന്നും അകറ്റി നിര്‍ത്തിയത്. ഒപ്പം തിബൗട്ട് കോര്‍ട്ടോയിസ് എന്ന ഇരുപത്തിയാറുകാരനായ ഗോളിയും. നിരവധി തുറന്ന അവസരങ്ങള്‍ ബ്രസീലിയന്‍ താരങ്ങള്‍ക്ക് ലഭിച്ചെങ്കിലും അവയൊക്കെ തിബൗട്ട് രക്ഷപെടുത്തുകയോ ബ്രസീല്‍ തന്നെ നഷ്ടപ്പെടുത്തുകയോ ചെയ്തു.

DONT MISS
Top