അഭിമന്യുവിന്റെ കൊലപാതകം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍

കൊച്ചി: മഹാരാജാസ് കോളെജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കോളെജിനുള്ളില്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. കേസിലെ പ്രതികളെ സഹായിച്ച രണ്ട് പേരാണ് അറസ്റ്റിലായിരിക്കുന്നത്. എസ്ഡിപിഐ പ്രവര്‍ത്തകരായ മട്ടാഞ്ചേരി സ്വദേശി നവാസ്, ജെഫ്രി എന്നിവരാ് അറസ്റ്റിലായിരിക്കുന്നത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.

നവാസ് പ്രതികളെ സഹായിച്ചതിന് പൊലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മട്ടാഞ്ചേരി ഫിഷ് ലാന്റിംഗില്‍ ജോലി ചെയ്യുന്ന നവാസ് എസ്ഡിപിഐ ബ്രാഞ്ച് സെക്രട്ടറിയാണെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, കേസിലെ മുഖ്യപ്രതി ഇപ്പോഴും ഒളിവിലാണ്. അഭിമന്യുവിനെ കുത്തിയയാള്‍ എന്ന് പൊലീസ് കരുതുന്ന മുഹമ്മദാണ് മുഖ്യപ്രതി. കോളെജിലെ മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ്. എന്നാല്‍ മുഹമ്മദ് തന്നെയാണോ കുത്തിയതെന്ന് മറ്റ് പ്രതികളെ കൂടി അറസ്റ്റ് ചെയ്തതിന് ശേഷമേ സ്ഥിരീകരിക്കാനാകൂ എന്നാണ് പൊലീസ് പറയുന്നത്. കേസില്‍ ആകെ 15 പ്രതികളാണ് ഉള്ളത്. മറ്റ് പ്രതികള്‍ക്കായി ഇതരസംസ്ഥാനങ്ങളിലേക്കും തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഒളിവിലുള്ള പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. എല്ലാ വിമാനത്താവളങ്ങളിലും കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതിനിടെ കരുതല്‍ തടങ്കലിലുള്ള എസ്ഡിപിഐ പ്രവര്‍ത്തകരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ 132 പേരെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്ന തെരച്ചിലില്‍ 200 ഓളം എസ്ഡിപിഐ പ്രവര്‍ത്തകരാണ് കരുതല്‍ തടങ്കലില്‍ ആയിട്ടുള്ളത്. എറണാകുളം, ആലപ്പുഴ ജില്ലകളില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

DONT MISS
Top