“ഞങ്ങള്‍ ശക്തരാണ്, ഒരു പാട് ഭക്ഷണം കഴിക്കാന്‍ കൊതിയാകുന്നു”; ഗുഹയില്‍ അകപ്പെട്ട കുട്ടികള്‍ മാതാപിതാക്കള്‍ക്ക് അയച്ച കത്ത്

ഗുഹയില്‍ അകപ്പെട്ട കുട്ടികള്‍

മേ സായ്: പേടിക്കണ്ട, ഞങ്ങള്‍ ശക്തരാണ്. രണ്ടാഴ്ച്ചയായി ഗുഹയിലകപ്പെട്ടിരിക്കുന്ന 12 കുട്ടികള്‍ അവരുടെ മാതാപിതാക്കള്‍ക്ക് അയച്ച കത്തില്‍ കുറിച്ച വാക്കുകളില്‍ ആശ്വസിക്കുകയാണ് ലോകം ഇപ്പോള്‍. പേപ്പറില്‍ സ്വന്തം കൈപ്പടയില്‍ കുട്ടികള്‍ എഴുതിയ കത്തുകളില്‍ വറുത്ത ചിക്കനും ഒരുപാട് ഭക്ഷണവും കഴിക്കാന്‍ കൊതിയാകുന്നെന്ന് ടിറ്റാന്‍ എന്ന കുട്ടി കുറിക്കുന്നു. മറ്റൊരു കത്തില്‍ ടീച്ചറോട് കുറെ ഹോം വര്‍ക്ക് തന്ന് ബുദ്ധിമുട്ടിക്കല്ലെയെന്നാണ് കുട്ടികള്‍ ആവശ്യപ്പെടുന്നത്.

കുട്ടികള്‍ക്കൊപ്പം ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ പരിശീലകന്റെ കത്തും പുറത്തു വന്നിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കളോട് മാപ്പു ചോദിച്ച് ഒരു കത്തും അമ്മൂമ്മയ്ക്കായി എഴുതിയ മറ്റൊരു കത്തുമാണ് പുറത്ത് വന്നത്. കുട്ടികളെല്ലാം സുരക്ഷിതരാണെന്നും രക്ഷാപ്രവര്‍ത്തകര്‍ തങ്ങളെ നന്നായി സംരക്ഷിക്കുന്നുണ്ടെന്നും കുട്ടികളെ സുരക്ഷിതരാക്കാന്‍ തന്നാല്‍ കഴിയുന്ന എല്ലാം ചെയ്യുമെന്നും കോച്ച് കത്തില്‍ പറയുന്നു. ഒപ്പം കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് പിരിക്കേണ്ടി വന്നതില്‍ മാപ്പും ചോദിക്കുന്നുണ്ട് 25കാരനായ കോച്ച്.

കുട്ടികളെ പൂര്‍ണതോതില്‍ നീന്തല്‍ പരിശീലിപ്പിച്ച് ഗുഹയില്‍ നിന്ന് പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. കുട്ടികളെ രക്ഷിക്കാനുള്ള ഊര്‍ജിതമായ ശ്രമത്തിനിടെ മുന്‍ നാവിക സേന ഉദ്യോഗസ്ഥനായ മുങ്ങല്‍ വിദഗ്ധന്‍ ഓക്‌സിജന്‍ ലഭിക്കാതെ ജീവന്‍ നഷ്ടപ്പെട്ടത് ലോകത്തെ ആശങ്കയിലാക്കിയിരുന്നു.

കഴിഞ്ഞ മാസം 23 നാണ് വടക്ക് തായ്‌ലന്‍ഡിലെ ചിയാങ് റായി പ്രവിശ്യയിലുള്ള താം ലുവാങ്ങ് ഗുഹയില്‍ പന്ത്രണ്ട് കുട്ടികളും അവരുടെ കോച്ചും അകപ്പെട്ടത്. ഗുഹയില്‍ അടപ്പെട്ട ഇവരെ ഒന്‍പത് ദിവസത്തിനുശേഷമാണ് ജീവനോടെ കണ്ടെത്തിയത്. പത്ത് കിലോമീറ്ററോളം നീളമുള്ള ഗുഹയില്‍ ഏത് ഭാഗത്താണ് ഇവരുള്ളതെന്ന് കണ്ടെത്താന്‍ ആദ്യം കഴിഞ്ഞിരുന്നില്ല. പിന്നീടുള്ള തിരിച്ചിലിലാണ് നാല് കിലോമീറ്റര്‍ ഉള്ളിലാണ് കുട്ടികളും കോച്ചും ഉള്ളതെന്ന് കണ്ടെത്താനായത്. എന്നാല്‍ ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഇനിയും മാസങ്ങള്‍ നീളുമെന്നാണ് കരുതുന്നത്. കുട്ടികള്‍ അകപ്പെട്ടിരിക്കുന്ന ഗുഹാമുഖം പൂര്‍ണ്ണമായും അടഞ്ഞിരിക്കുകയാണ്. ഉള്ളിലേക്ക് ചെളിയും വെള്ളവും നിറഞ്ഞിരിക്കുന്ന അവസ്ഥയിലാണ്.

ഇവരെ പുറത്തെത്തിക്കാന്‍ രണ്ട് വഴികളാണ് ഉളത്. ഒന്ന് ഗുഹയില്‍ അകപ്പെട്ടവരെ മുങ്ങാങ്കുഴിയിടുന്നത് പഠിപ്പിക്കണം എന്നതാണ്. എന്നാല്‍ ഗുഹയില്‍ ചെളി നിറഞ്ഞതിനാല്‍ ഇത് അപകടകരമാണ്. ഗുഹയിലെ വെള്ളം താഴുന്നതുവരെ കാത്തിരിക്കുക എന്നതാണ് മറ്റൊരു വഴി. എന്നാല്‍ ഇതിനായി നാല് മാസത്തോളം കാത്തിരിക്കേണ്ടിവരും. അതുവരെ ഇവര്‍ക്കുള്ള ഭക്ഷണം ഗുഹയില്‍ എത്തിച്ച് നല്‍കേണ്ടി വരും. ഗുഹയിലെ ജലവിതാനം കുറക്കാനുള്ള ശ്രമം നടത്തിയെങ്കിലും അത് പരാജയമായിരുന്നു.


ഗുഹയില്‍ സന്ദര്‍ശനം നടത്താനെത്തിയ കോച്ചും കുട്ടികളും കനത്ത മഴയെ തുടര്‍ന്ന് ഗുഹയില്‍ വെള്ളം ഉയര്‍ന്നതോടെയാണ് പാറയില്‍ അഭയം തേടിയത്. കനത്ത മഴയെ തുടര്‍ന്ന് ഗുഹയുടെ കവാടം അടഞ്ഞതോടെ പുറത്തുവരാന്‍ സാധിക്കാതെ ഇവര്‍ അതിനുള്ളില്‍ അകപ്പെടുകയായിരുന്നു.

11നും 16നും ഇടയില്‍ പ്രായമുള്ളവരാണ് കുട്ടികള്‍. 25 വയസുകാരനാണ് കൂടെയുള്ള പരിശീലകന്‍. ഗുഹാകവാടം മൂടിയ അവസ്ഥയില്‍ ഇരുട്ടില്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ രക്ഷപ്പെടാന്‍ കഴിയുമോ എന്ന് പോലും ഉറപ്പില്ലാതെ നീണ്ട ഒന്‍പത് ദിവസങ്ങള്‍ പിന്നിട്ടിട്ടും തളരാത്ത കുട്ടികളുടെയും കോച്ചിന്റെയും ഇച്ഛാശക്തിയെ അഭിനന്ദിക്കുകയാണ് രക്ഷാപ്രവര്‍ത്തകര്‍. കുട്ടികളും അവരുടെ പരിശീലകനും അപകടമൊന്നും കൂടാതെ തിരിച്ചെത്താനുള്ള പ്രാര്‍ത്ഥനയിലാണ് തായ്‌ലാന്‍ഡിനൊപ്പം ലോകം മുഴുവനും.

DONT MISS
Top