ബിഹാറില്‍ 3 അധ്യാപകരും 15 സഹപാഠികളും വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി

പ്രതീകാത്മക ചിത്രം

പാറ്റ്‌ന: ബിഹാറിലെ ചപ്രയില്‍ അധ്യാപകരും സഹപാഠികളും ചേര്‍ന്ന് ലൈംഗിക പീഡനത്തിന് വിധേയയാക്കിയതായി വിദ്യാര്‍ത്ഥിനി പൊലീസില്‍ പരാതി നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അടക്കം 18 പേര്‍ കഴിഞ്ഞ ഏഴു മാസമായി തന്നെ പീഡിപ്പിക്കുന്നതായാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി പരാതിയില്‍ പറഞ്ഞിരിക്കുന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെയും ഒരു അധ്യാപകനെയും പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഡിസംബറില്‍ സഹപാഠിയാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. പിന്നീട് ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയാണ് മറ്റ് സഹപാഠികള്‍ പീഡിപ്പിച്ചത്. സഹപാഠികള്‍ പീഡിപ്പിക്കുന്നതായി പരാതി പറയാനാണ് പെണ്‍കുട്ടി പ്രിന്‍സിപ്പാളിന്റെ സമീപത്ത് എത്തിയത്. എന്നാല്‍ കാര്യങ്ങള്‍ അറിഞ്ഞ പ്രിന്‍സിപ്പാളും മറ്റ് രണ്ട് അധ്യാപകരും കുട്ടിയെ പീഡിപ്പിച്ചു.

പീഡിപ്പിച്ച മൂന്ന് അധ്യാപകര്‍ക്കും 15 സഹപാഠികള്‍ക്കുമെതിരെ പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ പതിനാലു പ്രതികള്‍ ഒളിവിലാണെന്ന് എസ്പി ഹര്‍ കിഷോര്‍ റായി പറഞ്ഞു. ഒരു കേസില്‍ പെട്ട് പെണ്‍കുട്ടിയുടെ പിതാവ് കഴിഞ്ഞ ഏഴുമാസമായി ജയിലിലായിരുന്നു. പിതാവ് ജയില്‍ നിന്നും മോചിതനായതിനു ശേഷമാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

DONT MISS
Top