സുനന്ദ പുഷ്‌കര്‍ കേസ്: ശശി തരൂരിന് സ്ഥിരം ജാമ്യം

ശശി തരൂര്‍

ദില്ലി: സുനന്ദ പുഷ്‌കര്‍ കേസില്‍ ശശി തരൂരിന് സ്ഥിരം ജാമ്യം. കേസില്‍ പ്രോസിക്യൂഷനെ സഹായിക്കാന്‍ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ അപേക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്ന് ദില്ലി പൊലീസും ശശി തരൂരും കോടതിയെ അറിയിച്ചു. ദില്ലി പോലീസ് സമര്‍പ്പിച്ച കുറ്റപത്രവും മറ്റ് രേഖകളും തരൂരിന് കോടതി കൈമാറി. പൊലീസ് അന്വേഷണത്തിലെ വീഴ്ചകള്‍ വ്യക്തമാക്കുന്ന വിജിലന്‍സ് റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന സ്വാമിയുടെ ആവശ്യത്തില്‍ മറുപടി ഫയല്‍ ചെയ്യാന്‍ തരൂരിന് കോടതി അനുമതി നല്‍കി.

സുനന്ദ പുഷ്‌കര്‍ ആത്മഹത്യാ കേസില്‍ ദില്ലി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച ശേഷം ആദ്യമായാണ് ശശി തരൂര്‍ നേരിട്ട് ഹാജരായത്. ദില്ലി പട്യാല ഹൗസ് കോടതിയിലെ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍വിശാലിന് മുന്‍പാകെ രാവിലെ ഹാജരായ തരൂര്‍ സ്ഥിരം ജാമ്യത്തിനായി അപേക്ഷ നല്‍കി. നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്ന തരൂരിന് കോടതി ഒരു ലക്ഷം രൂപയുടെ ബോണ്ടിന്മേല്‍ സ്ഥിരം ജാമ്യം അനുവദിച്ചു.

അതേസമയം, കേസില്‍ പ്രോസിക്യൂഷനെ സഹായിക്കാന്‍ അനുവദിക്കണമെന്നും അന്വേഷണത്തില്‍ ആദ്യമുണ്ടായ വീഴ്ചകള്‍ കണ്ടെത്തിയ വിജിലന്‍സ് റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു. സ്വാമിക്ക് കേസില്‍ നിയമപരമായ അധികാരം ഇല്ലെന്നു കാട്ടി പൊലീസും തരൂരും ഇതിനെ എതിര്‍ത്തു.

കേസില്‍ നേരത്തെ പരാതിക്കാരനായ തനിക്ക് കക്ഷിചേരാന്‍ നിയമപരമായ അധികാരം ഉണ്ടെന്നായിരുന്നു സ്വാമിയുടെ വാദം.
കുറ്റപത്രവും അനുബന്ധ രേഖകളും തരൂരിന് കൈമാറിയ കോടതി രേഖകള്‍ പരിശോധിക്കാന്‍ കേസ് ജൂലൈ 26 ലേക്ക് മാറ്റി.

DONT MISS
Top