സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടിയ സംഭവം: തമിഴ്‌നാട് സര്‍ക്കാരിന് ഹരിത ട്രിബ്യൂണലിന്റെ നോട്ടീസ്

ചെന്നൈ: തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടിയ സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന് ദേശീയ ഹരിത ട്രിബ്യൂണല്‍ നോട്ടീസയച്ചു. പ്ലാന്റ് അടച്ചുപൂട്ടിയതിനെതിരെ വേദാന്ത ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. ജൂലൈ 18-ാം തീയതിക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ട്രിബ്യൂണല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

തമിഴ്‌നാട് സര്‍ക്കാരിന് പുറമെ വിശദീകരണമാവശ്യപ്പെട്ട് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനും നോട്ടീസ് അയച്ചിട്ടുണ്ട്. അതേസമയം പ്ലാന്റ് അടച്ചുപൂട്ടിയ നടപടി സ്റ്റേ ചെയ്യാനാകില്ലെന്ന് ട്രിബ്യൂണല്‍ വ്യക്തമാക്കി. വേദാന്ത ഗ്രൂപ്പിന്റെ ഹര്‍ജി വരുന്ന 18-ന് വീണ്ടും പരിഗണിക്കും.

നേരത്തെ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് ഇന്റസ്ട്രിയല്‍ പ്ലാന്റുകള്‍ക്കെതിരെ പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. സമര്‍ക്കാര്‍ക്ക് നേരെയുള്ള പൊലീസ് വെടിവെയ്പ്പിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഒടുവില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്നതടക്കമുള്ള നിലപാടില്‍ പ്രതിഷേധക്കാര്‍ ഉറച്ചുനിന്നതോടെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.

DONT MISS
Top