ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ്: കന്യാസ്ത്രീയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

ഫ്രാങ്കോ മുളയ്ക്കല്‍

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പീഡനക്കേസ് നല്‍കിയ കന്യാസ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചു. ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തുക.
കന്യാസ്ത്രീയുടെ മൊഴിയുടെ ആധികാരിക ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

മൊഴിയില്‍ പറഞ്ഞിരിക്കുന്ന സംഭവങ്ങള്‍, തീയതികള്‍, സ്ഥലങ്ങള്‍ എന്നിവ സ്ഥിരീകരിക്കാനാണ് തീരുമാനം. ഇതില്‍ വ്യക്തതയുണ്ടായാല്‍ ബിഷപ്പിനെ ചോദ്യം ചെയ്യും. അതിനായി കേരളത്തിലേക്ക് വിളിച്ചുവരുത്താനും ആലോചിക്കുന്നുണ്ട്. കന്യാസ്ത്രീയുടെ ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തും. കൂടുതല്‍ വിവരങ്ങള്‍ ഇവരില്‍ നിന്ന് ലഭിക്കുന്ന സാഹചര്യത്തിലാണിത്. കുറവിലങ്ങാട്ടെ മഠത്തിന് സമീപത്തുള്ള ചിലരുടെ മൊഴിയെടുക്കണമെന്ന നിര്‍ദേശവും സംഘത്തിന് ലഭിച്ചിട്ടുണ്ട്.

തെളിവുകള്‍ ബിഷപ്പിന് എതിരാകുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിനാലാണ് അന്വേഷണ സംഘം ശക്തമായ നിലപാട് എടുക്കുന്നതെന്നാണ് വിവരം. ജലന്ധര്‍ രൂപത ചാന്‍സലര്‍, മദര്‍ സുപ്പീരിയര്‍, മദര്‍ ജനറല്‍, ബിഷപ്പിന്റെ ഇടവക ഉള്‍പ്പെടുന്ന രൂപത ചാന്‍സലര്‍, ബിഷപ്പിന്റെ മാതൃഇടവകയിലെ വികാരി എന്നിവരില്‍ നിന്ന് മൊഴിയെടുക്കുന്നതും പൊലീസ് തള്ളുന്നില്ല. മൊഴിയില്‍ കന്യാസ്ത്രീ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ അന്വേഷണം അടുത്തഘട്ടത്തിലേക്ക് നീക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഇതോടൊപ്പം കന്യാസ്ത്രീക്കെതിരെ ബിഷപ് നല്‍കിയ പരാതിയിലും അന്വേഷണം നടന്നുവരുകയാണ്. ബിഷപ്പിനെ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി ജലന്ധര്‍ രൂപത പിആര്‍ഒ നല്‍കിയിരിക്കുന്ന പരാതിയില്‍ പറഞ്ഞിരിക്കുന്നവരെ ഉടന്‍ ചോദ്യംചെയ്യും. ബുധനാഴ്ച കന്യാസ്ത്രീയുടെ സഹോദരനായ വൈദികനില്‍ നിന്ന് മൊഴിയെടുത്തു. സംഭവം നടന്നതായി സഹോദരി പറഞ്ഞുള്ള അറിവുമാത്രമാണ് തനിക്കുള്ളതെന്നാന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

DONT MISS
Top