”ഇതോടെ ശശി തരൂരിന് വിദേശങ്ങളിലുള്ള കാമുകിമാരെ കാണാന്‍ കഴിയില്ല”; പരിഹാസവുമായി സുബ്രഹ്മണ്യന്‍ സ്വാമി

സുബ്രഹ്മണ്യന്‍ സ്വാമി

ദില്ലി: സുനന്ദ പുഷ്‌കര്‍ കേസില്‍ ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം നേടിയതിന് പിന്നാലെ കോണ്‍ഗ്രസ് എംപി ശശി തരൂരിനെ പരിഹസിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. തരൂരിന് ഇനി രാജ്യം വിട്ട് ലോകത്തിന്റെ പലഭാഗങ്ങളിലുമുള്ള കാമുകിമാരെ കാണാന്‍ പോകാന്‍ സാധിക്കില്ലായെന്ന് സ്വാമി പരിഹസിച്ചു.

രാജ്യം വിട്ട് പോകാന്‍ പാടില്ല എന്നതുള്‍പ്പെടെ ചില ഉപാധികളോടെയാണ് ദില്ലി പട്യാല ഹൗസ് കോടതി തരൂരിന് ജാമ്യം അനുവദിച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യംവിട്ടുപോകരുതെന്ന നിബന്ധനയിലുമാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.

അതേസമയം തരൂരിന് ജാമ്യം അനുവദിക്കുന്നതിനെ ദില്ലി പോലീസ് ശക്തമായി എതിര്‍ത്തിരുന്നു. സ്ഥിരമായി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന തരൂര്‍ അവിടെ സ്ഥിരതാമസം ആക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു ദില്ലി പൊലീസിന്റെ പ്രധാന വാദം. എന്നാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച ജഡ്ജി അരവിന്ദ് കുമാര്‍, തരൂരിനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍ ജാമ്യം അനുവദിക്കണമെന്നും, തരൂര്‍ മുന്‍കൂര്‍ അനുമതി ഇല്ലാതെ രാജ്യം വിട്ടു പോകരുതെന്നും നിര്‍ദേശിക്കുകയായിരുന്നു.

DONT MISS
Top