വിംബിള്‍ഡണ്‍: ഫെഡറര്‍, സെറീന മുന്നോട്ട്, വോസ്നിയാക്കി പുറത്ത്

ലണ്ടന്‍: വിംബിള്‍ഡണില്‍ പ്രമുഖതാരങ്ങളായ റോജര്‍ ഫെഡറര്‍, സെറീന വില്യംസ് എന്നിവര്‍ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. അതേസമയം, വനിതാ വിഭാഗത്തില്‍ ലോക രണ്ടാം നമ്പര്‍ കരോലിന്‍ വോസ്‌നിയാക്കി പുറത്തായി.

ഒന്‍പതാം കിരീടം ലക്ഷ്യമിടുന്ന സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ രണ്ടാം റൗണ്ടിലും അനായാസ വിജയമാണ് കരസ്ഥമാക്കിയത്. സ്ലൊവേനിയയുടെ ലൂക്കാസ് ലാക്കോയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ തകര്‍ത്തത്. മത്സരം വെറും 89 മിനിട്ടില്‍ അവസാനിച്ചു. സ്‌കോര്‍ 6-4, 6-4, 6-1.

ഇരുപത്തിയഞ്ചാം സീഡും ഏഴ് വട്ടം ചാമ്പ്യയുമായ സെറീന വില്യംസും നേരിട്ടുള്ള സെറ്റുകള്‍ക്കാണ് രണ്ടാം റൗണ്ടില്‍ വിജയം സ്വന്തമാക്കിയത്. ബള്‍ഗേറിയയുടെ വിക്ടോറിയ തൊമോവയെ 6-1, 6-4 എന്ന സ്‌കോറിനാണ ്‌സെറീന തുരത്തിയത്. സെറീനയുടെ സഹോദരിയും അഞ്ച് വട്ടം ചാമ്പ്യയുമായ വീനസ് റൊമേനിയയുടെ അല്കസാന്‍ഡ്ര ഡല്‍ഗേറുവിനെ പരാജയപ്പെടുത്തി. ആദ്യ സെറ്റ് നഷ്ടമായശേഷമായിരുന്നു വീനസിന്റെ വിജയം. സ്‌കോര്‍ 4-6, 6-0, 6-1.

ലോക രണ്ടാം നമ്പര്‍ കരോലിന്‍ വോസ്‌നിയാക്കിയെ റഷ്യയുടെ ഏക്തറീന മക്കറോവ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് അട്ടിമറിച്ചത്. സ്‌കോര്‍ 4-6, 6-1, 5-7.

പുരുഷവിഭാഗത്തില്‍ കാനഡയുടെ മിലാസ് റാവോണിക് ഓസ്‌ട്രേലിയയുടെ ജോണ്‍ മില്‍മാനെയും 7-6(4), 7-6(4), 7-6(4), ഫ്രാന്‍സിന്റെ ഗെയില്‍ മോണ്‍ഫില്‍സ് ഇറ്റലിയുടെ പൗളോ ലോറന്‍സിനെയും 3-6, 6-3, 7-6(5), 7-6(3), അമേരിക്കയുടെ സാം ഖുറെ ഉക്രെയിന്റെ സെര്‍ജി സ്റ്റാക്കോവിസ്‌കിയെയും 7-6(4), 6-3, 6-3 പരാജയപ്പെടുത്തി മൂന്നാം റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്.

DONT MISS
Top